യുവേഫ ചാംപ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും സെമിയില്‍
മാഡ്രിഡ്: കഴിഞ്ഞ ദിവസം റോമ- ബാഴ്‌സയെ തകര്‍ത്തത് പോലെ, കഴിഞ്ഞ വര്‍ഷം ബാഴ്‌സലോണ- പി.എസ്.ജിയെ മടക്കിയത് പോലെ ഒരു തിരിച്ചുവരവ്. അല്ല, അതിനും മുകളിലായൊരു മടങ്ങി വരവിലൂടെ ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയൊരു വിജയവുമായി സെമി ഉറപ്പിക്കാനുള്ള സുവര്‍ണാവസരം യുവന്റസിന് നഷ്ടമായി. നാടകീയത അതിന്റെ ഏറ്റവും മൂര്‍ധന്യാവസ്ഥ പ്രാപിച്ച മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ലഭിച്ച ഒറ്റ പെനാല്‍റ്റി റയലിന്റെ ഭാഗ്യമായപ്പോള്‍ യുവന്റസിന് അത് ദുരന്തമായി. യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ രണ്ടാം പാദ പോരാട്ടത്തിനായി സാന്റിയാഗോ ബെര്‍ണാബുവില്‍ യുവന്റസ് വന്നത് സ്വന്തം തട്ടകത്തില്‍ വാങ്ങിക്കൂട്ടിയ മൂന്ന് ഗോളിന്റെ ഭാരിച്ച കടവുമായാണ്.
എന്നാല്‍ ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയ മരിയോ മാന്‍ഡ്‌സുകിചിന്റെ കരുത്തില്‍ രണ്ടാം മിനുട്ടില്‍ തന്നെ യുവന്റസ് ഗോള്‍ നേടി റയലിനെ ഞെട്ടിച്ചു. 37ാം മിനുട്ടില്‍ മാന്‍ഡ്‌സുകിചിലൂടെ യുവന്റസ് രണ്ടാം ഗോളും നേടി റയലിനെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. റയല്‍ കടുത്ത ആക്രമണവുമായി കളം നിറഞ്ഞെങ്കിലും യുവന്റസ് പ്രതിരോധവും ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയീ ബുഫണും ചേര്‍ന്ന് കോട്ട കെട്ടിയത് അവര്‍ക്ക് തിരിച്ചടിയായി.
രണ്ടാം പകുതിയില്‍ റയല്‍ തന്ത്രം മാറ്റിയെങ്കിലും അമിത പ്രതിരോധത്തിന് പകരം അവസരം കിട്ടുമ്പോഴൊക്കെ അക്രമിക്കാനുള്ള തന്ത്രം യുവന്റസ് പരീക്ഷിച്ചു. 60ാം മിനുട്ടില്‍ റയല്‍ പ്രതിരോധവും ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസും കാണിച്ച അബദ്ധം ബോക്‌സിലുണ്ടായിരുന്ന മറ്റിയൂഡി കൃത്യമായി ഉപയോഗപ്പെടുത്തിയപ്പോള്‍ യുവന്റസ് മൂന്നാം ഗോളും നേടി. അതോടെ ലോകം കണ്ട ഏറ്റവും വലിയൊരു തിരിച്ചുവരവാണ് യുവന്റസ് എവേ പോരാട്ടത്തിനെത്തി സാധ്യമാക്കിയത്. മത്സരം നിശ്ചിത സമയം പൂര്‍ത്തിയായി ഇഞ്ച്വറി ടൈമിലേക്ക് പ്രവേശിക്കുന്നു. ഈ ഘട്ടത്തിലാണ് ഫുട്‌ബോളിന്റെ അനിശ്ചിതത്വം അതിന്റെ തിരശ്ശീല ഉയര്‍ത്തിയത്. ബോക്‌സില്‍ വച്ച് ബെനാറ്റിയ റയല്‍ താരം വാസ്‌ക്വസിനെ ഫൗള്‍ ചെയ്തതിന് റഫറി റയലിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുന്നു.
തന്റെ അവസാന ചാംപ്യന്‍സ് ലീഗില്‍ അഭിമാന നേട്ടത്തോടെ വിജയം സ്വന്തമാക്കി വിരമിക്കണമെന്ന ബുഫണിന്റെ ആഗ്രഹം ദുരന്ത ചിത്രമായി അവശേഷിച്ചതാണ് പിന്നീട് കണ്ടത്. പെനാല്‍റ്റി വിധിയില്‍ പ്രതിഷേധിച്ച് ബുഫണ്‍ വികാരം നിയന്ത്രിക്കാനാകാതെ പൊട്ടിത്തെറിച്ച് റഫറിയോട് കയര്‍ത്ത് സംസാരിച്ചതോടെ നേരിട്ട് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്താകുന്നു. ഫുട്‌ബോളിലെ ഏറ്റവും മാന്യനായ താരമെന്ന് വാഴ്ത്തപ്പെട്ട ബുഫണ്‍ പൊട്ടിത്തെറിച്ച് വികാരമടക്കാന്‍ കഴിയാതെ ചുവപ്പ് കാര്‍ഡ് വാങ്ങി തല കുമ്പിട്ട് മടങ്ങുന്ന ദുരന്ത കാഴ്ച.
പെനാല്‍റ്റി തടുക്കാന്‍ രണ്ടാം കാവല്‍ക്കാരന്‍ സെസനി നിയോഗിക്കപ്പെടുന്നു. ലഭിച്ച പെനാല്‍റ്റി കിക്ക് കരുത്തുറ്റ ഷോട്ടിലൂടെ വലയിലാക്കി സൂപ്പര്‍ താരം റയലിന്റെ ചാംപ്യന്‍സ് ലീഗ് സെമി ബര്‍ത്ത് ഉറപ്പിക്കുന്നു. ആദ്യ മത്സരത്തില്‍ റയല്‍ 3-0ത്തിന് വിജയിച്ചപ്പോള്‍ രണ്ടാം പോരാട്ടം യുവന്റസ് 3-1ന് ജയിച്ചു. എന്നാല്‍ ഇരുപാദ പോരില്‍ 4-3ന്റെ വിജയവുമായി റയല്‍ ചാംപ്യന്‍സ് ലീഗിന്റെ അവസാന നാലില്‍.
മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് സ്വന്തം തട്ടകത്തില്‍ സെവിയ്യയുമായി ഗോള്‍രഹിത സമനില വഴങ്ങി സെമിയിലേക്ക് കടന്നു. ആദ്യ പാദ പോരാട്ടത്തില്‍ എവേ മത്സരത്തില്‍ 2-1ന് വിജയിച്ച ബയേണ്‍ ഈ മികവിലാണ് സെമി യോഗ്യത നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."