എല്ലാം തകര്‍ത്ത് ചുഴലി: മേല്‍കൂരയില്ലാത്ത വീടിനുള്ളില്‍ അന്തിയുറങ്ങി നിര്‍ധന കുടുംബം
വടക്കാഞ്ചേരി: പ്രകൃതിക്ഷോഭത്തില്‍ സ്വന്തം വീട് തകര്‍ന്നതിന്റെ വേദനയും അധികൃതരുടെ അനാസ്ഥയും മൂലം തെക്കുംകര പഞ്ചായത്തിലെ കല്ലംപാറയില്‍ നിര്‍ധന കുടുംബം തീരാവേദനയില്‍.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വീശിയ ശക്തമായ ചുഴലിക്കാറ്റാണ് കല്ലംപാറ പള്ളി തോപ്പ് റോഡില്‍ താമസിയ്ക്കുന്ന അരവിന്ദശ്ശേരി ചന്ദ്രന്റെ കുടുംബത്തിന്റെ പ്രതീക്ഷകളും, സ്വപ്നങ്ങളുമൊക്കെ തകര്‍ത്തത്. വീടിന്റെ മേല്‍കൂര പൂര്‍ണമായും പറന്ന് പോയതോടെ വലിയ പ്രതിസന്ധിയിലായി ചന്ദ്രനും, ഭാര്യയും ഉള്‍പ്പെടുന്ന നാലംഗ കുടുംബം കൂലി പണിക്ക് പോയി ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം.
അതു കൊണ്ടു തന്നെ കാല പഴക്കം മൂലം ദുര്‍ബലാവസ്ഥയിലായ വീട് പുനര്‍നിര്‍മിക്കുക എന്നതും, അറ്റകുറ്റപണി നടത്തുക എന്നതും ചന്ദ്രനെ സംബന്ധിച്ചിടത്തോളം ബാലികേറാമലയുമായി. വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ തകര്‍ന്ന വീട്ടിലെത്തി ചന്ദ്രനേയും, കുടുംബത്തേയും ആശ്വസിപ്പിക്കുകയും, കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നതാണ്.
പഞ്ചായത്ത് വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടത്തിന്റെ കണക്ക് എടുക്കുക യും ചെയ്തിരുന്നതാണ്. ഇത് ചന്ദ്രനില്‍ ഉണ്ടാക്കിയ പ്രതീക്ഷ വളരെ വലുതായിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളും ഇപ്പോള്‍ അസ്തമിച്ചതായി ചന്ദ്രനും കുടുംബവും പറയുന്നു. താന്‍ കയറിയിറങ്ങാത്ത ഓഫിസുകളില്ല.
എല്ലാവരും കയ്യൊഴിയുകയാണെന്നും ചന്ദ്രന്‍ വേദനയോടെ വെളിപ്പെടുത്തുന്നു. ലൈഫ്മിഷന്‍ ഭവന പദ്ധതിയിലേക്ക് പോലും പരിഗണിക്കപ്പെടാത്തതിന്റെ വേദനയും ചന്ദ്രനും കുടുംബവും മറച്ച് വയ്ക്കുന്നുമില്ല.
ഇപ്പോള്‍ മേല്‍കൂരയില്ലാത്ത വീട്ടിലാണ് നാലംഗ കുടുംബത്തിന്റെ താമസം. മാനം ഇരുണ്ടാല്‍ തൊട്ടടുത്തുള്ള തറവാട് വീട്ടിലേക്ക് നീങ്ങും. ഇവിടത്തെ ഒറ്റമുറിയില്‍ നാല് പേരും കഴിയും. തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാന്‍ അധികൃതരെത്തിയില്ലെങ്കിലും സുമനസുകളെങ്കിലും രംഗത്ത് വരുമെന്ന പ്രതീക്ഷയിലാണ് നിര്‍ധന കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."