പ്രധാനമന്ത്രി രാജ്യം കണ്ട ഏറ്റവും മോശപ്പെട്ട ഭരണാധികാരിയെന്ന് ഡോ. ഫസല്‍ ഗഫൂര്‍
കോതമംഗലം: കത്‌വയിലെ എട്ടു വയസുകാരി ആസിഫയുടെ നേരെ നടന്ന ക്രൂരതയ്ക്ക് എതിരെ ഒരക്ഷരം പോലും ഉരിയാടാത്ത പ്രധാനമന്ത്രി രാജ്യം കണ്ട ഏറ്റവും മോശപ്പെട്ട ഭരണാധികാരിയെന്ന് ഡോ. ഫസല്‍ ഗഫൂര്‍. എം.ഇ.എസ് കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംസ്ഥാന പ്രസിഡന്റ് .
രാജ്യത്തെ നടുക്കിയ അതിക്രമങ്ങളില്‍ ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍ പ്രതികള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമുദായത്തിലെ പിന്നോക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസ അഭിവൃദ്ധിക്കായി രൂപം കൊണ്ട എം.ഇ.എസ്. സ്ഥാപനങ്ങളില്‍ 40 ശതമാനവും അമുസ്‌ലിങ്ങള്‍ക്കായി മാറ്റി വച്ചിട്ടുണ്ട് . കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയും ഏറ്റവും കൂടുതല്‍ തുക ബഡ്ജറ്റില്‍ വകയിരുത്തുകയും ചെയ്യുന്ന ഏക സംഘടനയാണ് എം.ഇ.എസ് എന്നും അദ്ദേഹം പറഞ്ഞു .നെല്ലിക്കുഴി ഇളംബ്ര ചാലില്‍ വിധവയായ സുഹറയുടെ കുടുംബത്തിന് എം.ഇ.എസ് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനവും അദ്ദേഹം നിര്‍വ്വഹിച്ചു.
എം.ഇ.എസ്.താലൂക്ക് പ്രസിഡന്റ് എ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ആന്റണി ജോണ്‍ എം.എല്‍.എ.മുഖ്യ പ്രഭാഷണം നടത്തി.റ്റി.എം.സക്കീര്‍ ഹുസൈന്‍ ,എം.എം.അഷ്‌റഫ് , കെ.എം.സലിം , അഡ്വ.അബു മൈതീന്‍ ,എം .പി .ബഷീര്‍ ,എം.എസ്.മുഹമ്മദാലി ,കെ.കെ.മൈതീന്‍ ,റ്റി.കെ.മുഹമ്മദ്, തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."