താലൂക്കാശുപത്രിയില്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി
കൊടുങ്ങല്ലൂര്‍: താലൂക്ക് ഗവ. ആശുപത്രിയില്‍ അമ്മമാരുടെയും കുട്ടികളുടെയും പ്രത്യേക വിഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. പത്തു കോടി ചെലവില്‍ രണ്ടു നിലകളിലായി നാലായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ അമ്പതു കിടക്കകളുള്ള വാര്‍ഡ്, ഐ.സി.യു, ഓപറേഷന്‍ തിയറ്റര്‍, പ്രതിരോധ കുത്തിവെപ്പ് വിഭാഗം എന്നിവ ഒരുക്കും.
പുതിയ വിഭാഗത്തിലേക്കു പാരാമെഡിക്കല്‍ സ്റ്റാഫ്, ഗൈനക്കോളജിസ്റ്റുകള്‍, ശിശുരോഗ വിദഗ്ധര്‍, അനസ്‌തേഷ്യ വിദഗ്ധന്‍ തസ്തികകള്‍ അനുവദിക്കാന്‍ സര്‍ക്കാരിനോടു ആവശ്യപ്പെട്ടിട്ടുള്ളതായി നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍ അറിയിച്ചു. കെട്ടിടത്തിലേക്കുള്ള ഹൈടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നു വരികയാണ്.
ലിഫ്റ്റു സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഫര്‍ണിച്ചറിനാവശ്യമായ 96 ലക്ഷം രൂപ അനുവദിക്കുന്നതു ധനകാര്യ വകുപ്പിന്റെ അവസാന പരിഗണനയിലാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുറക്കുന്നതു മേഖലയിലെ മാതൃ ശിശു ചികിത്സാരംഗത്തു പുതിയ ചുവടുവെയ്പ്പായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."