വിഷുവിന് വിപണി കീഴടക്കി മൈസൂരു വെള്ളരി
പൊന്നാനി: വിഷുവിന് ഒഴിച്ചുകൂടാനാകാത്ത ഇനമായ നാടന്‍ വെള്ളരിയെ തോല്‍പ്പിച്ച് വിപണി കീഴടക്കുകയാണ് മൈസൂരു വെള്ളരി. കഴിഞ്ഞ വര്‍ഷം വിഷുവിനു പോലും വെള്ളരിക്കു മാന്യമായ വില ലഭിക്കാത്തതിനാല്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഇത്തവണ വെള്ളരി കൃഷി ചെയ്തത്. മൈസൂരു വെള്ളരി വിപണി കൈയടക്കിയതോടെയാണ് നാടന്‍വെള്ളരിയുടെ വില കൂപ്പുകുത്തിയത്. മൈസൂര്‍ വെള്ളരിക്ക് കിലോ 40 രൂപയാണ്. നാല് ദിവസം മുമ്പ് വരെ 20 രൂപയായിരുന്നു കിലോക്ക് വില. നാടന്‍ വെള്ളരിയുടെ വില കിലോക്ക് 45 ന് മുകളിലാണ്.
വിഷു വിപണിയില്‍ പോലും കിട്ടാനില്ലാത്ത വിഭവമായി നാടന്‍ വെള്ളരി മാറിയെന്നാണ് കര്‍ഷകരും കച്ചവടക്കാരും ഒരു പോലെ പറയുന്നത്. ഉള്ളതാകട്ടെ ഇതരസംസ്ഥാനത്തു നിന്നുവരുന്ന വെള്ളരികളും. നാടന്‍ വെള്ളരി കൃഷിക്കു മുരടിപ്പു ബാധിച്ചതു വിളവു കുറയാനും കാരണമായതായി കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു പത്തു ശതമാനം നാടന്‍ വെള്ളരി മാത്രമേ ഇക്കുറി വിപണിയിലെത്തിയിട്ടുള്ളൂ എന്നാണു കണക്ക്. ഡിമാന്‍ഡ് കൂടിയതിനാല്‍ മികച്ച വിലയും ഇവയ്ക്കു ലഭിക്കുന്നുണ്ട്.വെള്ളരി ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ക്കു സ്ഥായിയായ വില കര്‍ഷകര്‍ക്കു ലഭിച്ചാല്‍ കൂടുതല്‍ പേര്‍ കൃഷിക്കു തയാറാകുമെന്നു കര്‍ഷകര്‍ പറയുന്നു.
ദിവസങ്ങള്‍ കേടുകൂടാതെ നില്‍ക്കുമെന്നതും വിലക്കുറവുമാണ് മൊത്തക്കച്ചവടക്കാരെ മൈസൂര്‍വെള്ളരി വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
വാങ്ങുന്ന വിലയുടെ ഇരട്ടിയോളം രൂപയ്ക്ക് വില്‍ക്കാമെന്നതും മറ്റൊരു കാരണമാണ്.വളരെ കുറഞ്ഞ വിലക്കാണ് മൊത്തക്കച്ചവടക്കാര്‍ മൈസൂരു വെള്ളരി വാങ്ങുന്നത്. വില്‍ക്കുന്നതാകട്ടെ മൂന്നിരട്ടി വിലക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."