നോട്ടിസ് ഇല്ലാത്ത സമരം ആഹ്വാനമില്ലാത്ത ഹര്‍ത്താല്‍
സംസ്ഥാന വ്യാപകമായി കെ.ജി.എം.ഒ.എയുടെ ആഭിമുഖ്യത്തില്‍ നടത്തിവന്ന പണിമുടക്ക് സമരം ഒടുവില്‍ അവസാനിച്ചു. സമരം അവസാനിപ്പിച്ചിട്ട് മതി ചര്‍ച്ചയെന്ന് സര്‍ക്കാരും അത് നടപ്പില്ലെന്ന് ഡോക്ടര്‍മാരും തീരുമാനിച്ചതോടെ സമരം അത്യാഹിത വിഭാഗങ്ങളിലേക്കു കൂടി വ്യാപിക്കുമോ എന്ന ആശങ്കയിലായിരുന്നു ജനങ്ങള്‍. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ച് സമരം ആരംഭിച്ചത്. മുന്‍കൂട്ടി നോട്ടിസ് കൊടുക്കാത്ത സമരത്തെ ഒരു നിലക്കും അംഗീകരിക്കാനാവില്ല എന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.
തൊഴിലാളികള്‍ വരെ പണിമുടക്കുമ്പോള്‍ മുന്‍കൂറായി നോട്ടിസ് നല്‍കാറുണ്ട്. അതിനാല്‍ ഇത്തരം സമരങ്ങള്‍ പാവപ്പെട്ട രോഗികളോടു കാണിക്കുന്ന അനീതിയാണ്. ദീര്‍ഘിപ്പിച്ച സമയം ജോലി ചെയ്യാന്‍ തയാറാകാതിരുന്ന ഡോക്ടറെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു യാതൊരു മുന്നറിയിപ്പും നല്‍കാതെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് സമരം പ്രഖ്യാപിച്ചത്. സാധാരണ നിലയില്‍ സൂചനാ പണിമുടക്ക് നടത്തി ഫലം കാണാതെ വരുമ്പോഴാണ് അനിശ്ചിതകാല സമരത്തിന് സംഘടനകള്‍ തയാറാവുക, ഇവിടെ അതുണ്ടായില്ല. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ പാവപ്പെട്ട രോഗികളോടാണ് ഈ ക്രൂരത കാണിക്കുന്നതെന്നോര്‍ക്കണം. രോഗികളെ മുള്‍മുനയില്‍ നിര്‍ത്തി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി കാര്യം സാധിക്കുക എന്ന തന്ത്രമായിരിക്കാം ഇതിനു പിന്നില്‍. ആര്‍ദ്രം പദ്ധതിയുമായും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആറു മണിവരെ ഒ.പിയുമായും സഹകരിക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചു. പിരിച്ചുവിട്ട ഡോക്ടര്‍മാരെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. മുന്നറിയിപ്പുകളില്ലാത്ത ഇത്തരം സമരങ്ങള്‍ക്കെതിരേ കര്‍ശനനിലപാട് സ്വീകരിക്കുമെന്നു ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു.
ജമ്മു കശ്മിരിലെ കത്‌വയില്‍ മനുഷ്യമൃഗങ്ങളാല്‍ അതിനിഷ്ഠൂരമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരി ഇപ്പോഴും ലോക മനസ്സാക്ഷിയെ നൊമ്പരം കൊള്ളിക്കുകയാണ്. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറന്‍സ് പ്രതികളെ കഠിനമായ ശിക്ഷയ്ക്ക് വിധേയമാക്കണമെന്ന് പറഞ്ഞപ്പോള്‍ കേന്ദ്ര മന്ത്രി മേനകാ ഗാന്ധി പ്രതികളെ തൂക്കിക്കൊല്ലണമെന്നാണ് ആവശ്യപ്പെട്ടത്. സാധാരണ ബലാല്‍സംഗ കൊലപാതകങ്ങളില്‍ നിന്നു വ്യത്യസ്തമായി വര്‍ഗീയ തിമിരം ബാധിച്ച ഫാസിസ്റ്റുകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഏതൊരാളുടെയും ഉള്ളം പൊള്ളിക്കുന്ന ഈ പൈശാചിക കൃത്യം.
ഫാസിസത്തിന്റെ മുഖം എത്ര ഭീകരമാണെന്ന് ഈ സംഭവം നമ്മെ ഓര്‍മപ്പെടുത്തുന്നു. ക്രൈംബ്രാഞ്ച് നടത്തിയ നിഷ്പക്ഷമായ അന്വേഷണത്തില്‍ ഭൂമി വാങ്ങി താമസിക്കുകയായിരുന്ന നാടോടി കുടുംബത്തെ ആട്ടിപ്പായിക്കാനായിരുന്നു ആ കുരുന്നിനെ പിച്ചിച്ചീന്തിയത്. ഇതിനെല്ലാറ്റിനുമുപരി മതേതര വിശ്വാസികളെ സ്തംഭിപ്പിച്ചത് ഈ അരുംകൊലയുടെ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ എന്ന് പറയപ്പെടുന്ന കോട്ടിട്ടകശ്മലര്‍ ആക്രമിക്കാന്‍ ഒരുങ്ങിയതായിരുന്നു. പൈശാചിക കൃത്യത്തെ ന്യായീകരിച്ച് ഹിന്ദു ഏകതാ മഞ്ച് എന്ന പേരില്‍ തട്ടിക്കൂട്ടിയ സംഘടനയുടെ റാലിയില്‍ മെഹബൂബ മുഫ്തിയുടെ മന്ത്രിസഭയിലെ ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് എന്നിവര്‍ പങ്കെടുത്തപ്പോള്‍ അതിനെതിരെ ഒരു വാക്ക് കൊണ്ടു പോലും അപലപിക്കുവാന്‍ മുഖ്യമന്ത്രിമെഹബൂബ മുഫ്തി തയ്യാറായില്ല. ആരോപണ വിധേയരായ മന്ത്രിമാര്‍ സ്വയം രാജിവച്ചൊഴിഞ്ഞപ്പോള്‍ തന്റെ മന്ത്രിസഭ അതിന്റെ പേരില്‍ തകരാതെ നിന്നതില്‍ ആശ്വാസം കൊള്ളുകയായിരുന്നു ആ അധികാരദാഹി.
അധികാരം നിലനിര്‍ത്താന്‍ ഇത്തരം ആളുകള്‍ എന്ത് നെറികേടിനും തയ്യാറാകും. 2012ല്‍ നിന്ന് 2018ല്‍ ഇന്ത്യാ മഹാരാജ്യം എത്തിനില്‍ക്കുമ്പോള്‍ ഭീതിദമായ സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 2012ല്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി അതി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടപ്പോള്‍ ജാതി മത ഭേദമെന്യേ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. എന്നാല്‍, 2018ല്‍ ഒരു പിഞ്ചു ബാലിക രാക്ഷസന്മാരാല്‍ പിച്ചിച്ചീന്തപ്പെട്ടപ്പോള്‍ അതിനെ ന്യായീകരിക്കുവാന്‍ സംസ്‌കൃത ചിത്തരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്കിടയില്‍ വരെ ആളുകളുണ്ടായി. കേരളത്തില്‍ സംഘ്പരിവാര്‍ കുടുംബങ്ങള്‍ എത്രമാത്രം വിഷലിപ്തമാക്കപ്പെട്ടിരിക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണി സംഭവം. വിശുദ്ധമായി കരുതേണ്ട ക്ഷേത്രങ്ങള്‍ പോലും ഫാസിസ്റ്റുകള്‍ക്ക് അവരുടെ
നീചവൃത്തി നടപ്പാക്കുന്നതിന് തടസ്സമല്ല. 'താനിനി അമ്പലങ്ങളില്‍ പോവുകയില്ലെന്നും ഓരോ അമ്പലത്തിന്റേയും അകത്തളങ്ങളില്‍ നിന്നും നിരാലംബയായ ഒരു കൊച്ചു പെണ്‍കുഞ്ഞിന്റെ കരച്ചില്‍ കാതുകളില്‍ വന്നലയ്ക്കുകയാണെന്നും' പ്രശസ്ത എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമായ ജെ.ദേവിക ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്.
ഇങ്ങനെയൊക്കെയായിട്ടും തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികളൊന്നും അനങ്ങിയില്ല. സ്ഥാപിത താല്‍പര്യക്കാരായ രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വങ്ങളെ അമ്പരപ്പിച്ച് കൊണ്ട് ഇന്നലെ ജനകീയ ഹര്‍ത്താല്‍ കേരളത്തില്‍ നടന്നിരിക്കുന്നു. ഹര്‍ത്താലില്‍ അങ്ങിങ്ങുണ്ടായ അക്രമങ്ങള്‍അപലപനീയമാണെങ്കിലും സമരത്തോട് പൊതുസമൂഹം കാണിച്ച അനുഭാവം ആ പാവം കുരുന്നിനോടുള്ള സ്‌നേഹവായ്പ് തന്നെയാണ്. കേരളത്തിന്റെ മതേതര മനഃസാക്ഷി മരിച്ചിട്ടില്ല എന്ന ശുഭസൂചനയാണ് ഇന്നലത്തെ ഹര്‍ത്താല്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."