പുല്ലങ്കോട് എസ്റ്റേറ്റില്‍ വന്യ മൃഗത്തിന്റെ കാല്പാടുകള്
കാളികാവ്: പുല്ലങ്കോട് എസ്റ്റേറ്റില്‍ വീണ്ടും വന്യ മൃഗങ്ങളുടെ കാല്പാടുകള് കണ്ടെത്തി. കടുവയുടെ കാല്പാടുകളാണെന്നാണ് നിഗമനം. ഒരു മാസം മുന്‍പ് തൊഴിലാളി രണ്ടിടങ്ങളിലായി കടുവയെ കണ്ടിരുന്നു. കാല്പാടുകള് കണ്ടതോടെ തൊഴിലാളികളും നാട്ടുകാരും ഭീതിയിലാണ്. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് വീണ്ടും കടുവയുടേതെന്ന് തോന്നിപ്പിക്കുന്ന കാല്പാടുകള് കാണപ്പെട്ടിട്ടുള്ളത്.
കണ്ണത്ത് -ചെങ്കോട് മലവാരങ്ങളോട് ചേര്‍ന്ന പുല്ലങ്കോട് എസ്റ്റേറ്റിലെ 52 ഏരിയയിലാണ് കാല്‍പ്പാടുകള്‍ കാണപ്പെട്ടത്. ഒരു മാസം മുന്‍പ് പുല്ലങ്കോട് എസ്റ്റേറ്റില്‍ കടുവയുടെ മുന്നിലകപ്പെട്ട രണ്ട് ടാപ്പിങ് തൊഴിലാളികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടിരുന്നു. എസ്റ്റേറ്റിലെ വള്ളിപ്പൂള ചിങ്കക്കല്ല് ഭാഗത്തും കടുവ കാട്ടു പന്നിയെ അക്രമിക്കുന്നത് ടാപ്പിങ് തൊഴിലാളികള്‍ കണ്ടിരുന്നു. എസ്റ്റേറ്റിലെ ജീവനക്കാരന്റെ വളര്‍ത്തുനായയെ കടുവ പിടിച്ച് കൊണ്ടുപോയിരുന്നു. അദ്ദേഹം കടുവയെ നേരില്‍ കാണുകയും ചെയ്തിരുന്നു.
ചേനപ്പാടി, പുല്ലങ്കോട്, ചെങ്കോട്, കണ്ണത്ത് മലവാരങ്ങളോട് ചേര്‍ന്ന പ്രദേശമായതിനാല്‍ കാട്ടാനകളുടേയും ചെന്നായകളുടേയും കാട്ടു പന്നികളുടേയും അക്രമണങ്ങള്‍ക്ക് പുറമെയാണ് കടുവയുടെ സാന്നിധ്യം കൂടി കാണപ്പെട്ടത് തൊഴിലാളികളെ കടുത്ത ഭീതിയിലാക്കിയിട്ടുണ്ട്. പുല്ലങ്കോട് എസ്റ്റേറ്റ് അധികൃതര്‍ വനം വകുപ്പിന് പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതേ വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."