കത്‌വ കൊലപാതകം: ഹര്‍ത്താലില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
കല്‍പ്പറ്റ: കത്‌വ സംഭവത്തില്‍ പ്രതഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയിലെ പലയിടങ്ങളിലും നേരിയ സംഘര്‍ഷം.
പലയിടത്തും ഹര്‍ത്താലനുകൂലികള്‍ കടകളടപ്പിച്ചതും വഴി തടഞ്ഞതും വാഗ്വാദത്തിന് വഴിവെച്ചു.
രാവിലെ മേപ്പാടിയില്‍ നിന്ന് തുടങ്ങി കല്‍പ്പറ്റ, പിണങ്ങോട്, വെങ്ങപ്പള്ളി, പൊഴുതന, പടിഞ്ഞാറത്തറ, വെള്ളമുണ്ട, എടവക, സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി, കമ്പളക്കാട്, പനമരം, മാനന്തവാടി തുടങ്ങി ജില്ലയുടെ മുക്കിലും മൂലയിലുമെല്ലാം ഹര്‍ത്താലനുകൂലികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
ഇതിനിടയില്‍ പലയിടങ്ങളിലും പ്രതിഷേധക്കാര്‍ കടകളടപ്പിക്കുകയും വഴി തടയുകയും ചെയ്തു.
കല്‍പ്പറ്റ, പടിഞ്ഞാറത്തറ, കമ്പളക്കാട്, സുല്‍ത്താന്‍ ബത്തേരി തുടങ്ങി വിവിധ പൊലിസ് സ്‌റ്റേഷനുകളില്‍ ഹര്‍ത്താലനുകൂലികള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കല്‍പ്പറ്റയില്‍ അഞ്ചുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. വിവിധ സ്‌റ്റേഷനുകളിലായി നൂറ് കണക്കിന് ആളുകള്‍ക്കെതിരെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ജില്ലാ പൊലിസ് മേധാവി ഡോ. അരുള്‍ ആര്‍.ബി കൃഷ്ണ പറഞ്ഞു.
കല്‍പ്പറ്റയില്‍ അറസ്റ്റിലായവര്‍ക്കെതിരേ ലഹള ഉണ്ടാക്കാനുള്ള ശ്രമം, വഴി തടയല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഐ.പി.സി 143, 147, 148, കേരള പൊലിസ് ആക്ട് 117 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വരുംദിനങ്ങളില്‍ വിവിധ സ്‌റ്റേഷനുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ പിടികൂടുമെന്നും ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
അതേസമയം കല്‍പ്പറ്റയില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ സംഭവത്തില്‍ ഉള്‍പ്പെടാത്തവരാണ് പിടിക്കപ്പെട്ടതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഒരു സംഘടനയുടെയും പരസ്യ പിന്തുണയില്ലാതെ തന്നെ ഒരു കൂട്ടം യുവാക്കള്‍ തെരുവിലിറങ്ങി ഹര്‍ത്താല്‍ വിജയിപ്പിക്കുന്ന കാഴ്ചയായിരുന്നു ജില്ലയിലും കണ്ടതെന്നും ഭരണകൂടത്തിന് ഇതൊരു പാഠമാണെന്നുമാണ് ഹര്‍ത്താല്‍ അനുകൂലികളുടെ അവകാശവാദം.
സര്‍ക്കാര്‍ നടപടിയെടുക്കണം: കെ.എച്ച്.ആര്‍.എ
കല്‍പ്പറ്റ: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും ഹോട്ടല്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ ബലമായി അടപ്പിക്കുകയും ചെയ്ത സാമൂഹിക വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.ആരാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്ന് പോലും അറിയാതെ ഒരു കൂട്ടം ആളുകള്‍ ബലമായി വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുമ്പോള്‍ ക്രമസമാധാന പാലനം നടത്തേണ്ട പൊലിസ് പലയിടത്തും നിഷ്‌ക്രിയത്വം പാലിക്കുകയാണ് ചെയ്തത്.
ഹോട്ടല്‍ അടപ്പിച്ചതു മൂലം ഹോട്ടലുടമകള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതായും വാഹനങ്ങള്‍ തടയുകയും വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്തവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് പ്രാണിയത്ത് അബ്ദുറഹിമാന്‍, സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ മാനന്തവാടി എന്നിവര്‍ ആവശ്യപ്പെട്ടു.
ഏകോപന സമിതി പ്രതിഷേധിച്ചു
കല്‍പ്പറ്റ: ജില്ലയില്‍ ചില ടൗണുകളില്‍ ഫെയ്‌സ് ബുക്ക്, വാട്ട്‌സ്ആപ്പ് കൂട്ടായ്മകളുടെ ലേബലില്‍ ചില സമൂഹ വിധ്വംസക പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തി കടകള്‍ ബലമായി അടപ്പിച്ച നടപടിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
രാജ്യത്ത് എന്തിനും ഏതിനും പ്രതികരിക്കാനും പ്രതിഷേധിക്കാനും എല്ലാ പൗരന്‍മാര്‍ക്കും അവകാശമുണ്ട്. അനിഷ്ട സംഭവങ്ങളില്‍ സഹതപിക്കലും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കലും സര്‍വസാധാരണമാണ്.
എന്നാല്‍ ഇന്നലെ നടന്നത് മറ്റുള്ളവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണ്. ഇത് അംഗീകരിക്കുവാന്‍ കഴിയില്ല.കട അടപ്പിച്ചതിന്റെ പേരില്‍ വ്യാപാരികള്‍ക്ക് വന്ന നഷ്ടം കൂട്ടം ചേര്‍ന്ന് നിര്‍ബന്ധിച്ച് കട അടപ്പിച്ചവരില്‍ നിന്ന് ഈടാക്കും വരെ നിയമ നടപടികളുമായി വ്യാപാരികള്‍ മുന്നോട്ട് പോകും.
ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാന്‍ പൊലിസും ജില്ലാ ഭരണകൂടവും കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ യോഗത്തില്‍ അധ്യക്ഷനായി. ഒ.വി വര്‍ഗീസ്, ഇ. ഹൈദ്രു, നൗഷാദ് കാക്കവയല്‍, അബ്ദുള്‍ ഖാദര്‍, അഷറഫ് കൊട്ടാരം, ജോജിന്‍ ടി. ജോയി, കമ്പക്ക അബ്ദുല്ല ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."