കോള്‍ അവലോകനം: പുതിയ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തീരുമാനം
തൃശൂര്‍: സംസ്ഥാന ഭൂവികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കിയ പ്രവൃത്തികളില്‍ നീക്കിയിരിപ്പുള്ള തുക ഉപയോഗിച്ച് പുതിയ പദ്ധതികള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. പദ്ധതികള്‍ ഏതെല്ലെമാണെന്ന് പിന്നീട് സബ് കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കുമെന്ന് ആസൂത്രണഭവനില്‍ നടന്ന പൊന്നാനി കോള്‍ വികസന പദ്ധതി അവലോകന യോഗത്തില്‍ അധ്യക്ഷനായി കോള്‍ വികസന അതോറിറ്റി ചെയര്‍മാന്‍ സി.എന്‍ ജയദേവന്‍ എം.പി പറഞ്ഞു.
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പയര്‍ വര്‍ഗ കൃഷിക്ക് പുതിയ പദ്ധതി സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. കെട്ടിക്കിടക്കുന്ന യന്ത്രങ്ങളുടെ വിതരണവും വെര്‍ട്ടിക്കല്‍ പമ്പുകളുടെ വിതരണവും തൃപ്തികരമായി നിര്‍വഹിച്ചിട്ടുണ്ടെന്നും നിലവില്‍ കോള്‍ വികസന പദ്ധതി പുരോഗതിയിലാണെന്നും എം.പി അറിയിച്ചു.
നബാര്‍ഡ് സഹായത്തോടെ ആര്‍.ഐ.ഡി.എഫില്‍ ഉള്‍പ്പെടുത്തി 300 കോടി രൂപക്കുള്ള പദ്ധതികളും ആര്‍.കെ.വി.വൈയില്‍ 114.20 കോടി രൂപയുടെ പദ്ധതികളും ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ വഴിയാണ് സമഗ്ര കോള്‍ വികസന പദ്ധതി നടപ്പിലാക്കുന്നത്. കേരള സംസ്ഥാന ഭൂവികസന കോര്‍പ്പറേഷന്‍ മുഖേന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍.ഐ.ഡി.എഫ് വഴി 300 കോടി രൂപയാണ് അനുവദിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി ഇതുവരെ 112.8 രൂപ ചെലവഴിച്ചു. മൂന്നാം ഘട്ട പ്രവര്‍ത്തികള്‍ക്കായി 26.55 കോടി രൂപക്കുള്ള ഭരണാനുമതി ലഭിച്ചു.
ആര്‍.കെ.വി.വൈ ഫണ്ട് ഉപയോഗിച്ച് കെയ്‌കോയുടെ നേതൃത്വത്തില്‍ കാര്‍ഷിക യന്ത്രവത്കരണ പദ്ധതിയി വഴി 50 കൊയ്ത്തു-മെതിയന്ത്രം, 20 ട്രാക്ടര്‍, 10 ട്രാക്ടര്‍ ട്രെയ്‌ലര്‍, 200 പവര്‍ ടില്ലര്‍, 50 ടില്ലര്‍ ട്രെയ്‌ലര്‍, 4 നടീല്‍ യന്ത്രം വിതരണം ചെയ്തു.
കൃഷി എന്‍ജിനിയറിങ് വിഭാഗത്തിന് കീഴില്‍ പെട്ടി-പറക്ക് ബദലായുള്ള ആധുനിക പമ്പിങ് രീതിയായ ആക്‌സിയല്‍ ഫ്‌ളോ പമ്പ്‌സെറ്റുകള്‍ സ്ഥാപിക്കുന്നതിനായി അഞ്ചു കോടി രൂപയാണ് അനുവദിച്ചു.
ഇതില്‍ ഒരു കോടി രൂപ ഉപയോഗിച്ച് എട്ട് ആക്‌സിയല്‍ ഫ്‌ളോ പമ്പ്‌സെറ്റ് സ്ഥാപിച്ചു.
ജൈവ നെല്‍കൃഷി പ്രോത്സാഹപ്പിക്കുന്നതിന് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് കോടി ചിലവില്‍ ജൈവകൃഷി വ്യാപനം നടപ്പാക്കുന്നുണ്ട്.
ആദ്യഘട്ടത്തില്‍ 500 ഹെക്ടര്‍ സ്ഥലത്ത് ജൈവകൃഷി നടത്തുന്നതിന് 65 ലക്ഷം രൂപ സാമ്പത്തിക സഹായം വിതരണം ചെയ്തു. ഇത്തരത്തില്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. ഏ കൗശിഗന്‍, തൃശൂര്‍-പൊന്നാനി കോള്‍ വികസന അതോറിറ്റി (കൃഷി) ഡെപ്യൂട്ടി ഡയരക്ടര്‍ ഷീല പ്രസാദ്, പാടശേഖരസമിതി അംഗങ്ങള്‍, വിവിധ വകുപ്പു തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."