അസഹിഷ്ണുതയുടെ നാടായി കേരളവും മാറുന്നു: കേരള ജനപക്ഷം
കോട്ടയം: കേരളവും അസഹിഷ്ണുതയുടെ നാടായി മാറിയെന്ന് കേരള ജനപക്ഷം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. കോട്ടയത്ത് വച്ച് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചെയര്‍മാന്‍ പി.സി. ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എസ്. ഭാസ്‌ക്കരപിള്ള അദ്ധ്യക്ഷത വഹിച്ചു.
റബ്ബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയുടെ വിലതകര്‍ച്ചയും, കടുത്ത തൊഴിലില്ലായ്മയും, വിപണിയിലെ മാന്ദ്യവും, ക്രമസമാധാന തകര്‍ച്ചയും കേരളത്തെ അസഹിഷ്ണുതയുടെ നാടാക്കി മാറ്റി. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ഗ്ഗീയ ചേരിതിരിവാണ് കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടയില്‍ ഉണ്ടായിട്ടുള്ളത്. കസ്റ്റഡി മരണങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ അഭ്യന്തര വകുപ്പ് നിര്‍ജീവമാണ്.
രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെട്ട ഒരു സമൂഹം വര്‍ഗ്ഗീയ അടിസ്ഥാനത്തില്‍ ചേരിതിരിഞ്ഞ് തെരുവിലിറങ്ങുന്ന കാഴ്ചയും ഈ ദിവസങ്ങളില്‍ കേരളം കാണാനിടയായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ പാവപ്പെട്ട കര്‍ഷകന്റെ നട്ടെല്ലൊടിച്ചിരിക്കുന്നു. കഴിഞ്ഞ 26 ദിവസമായി കാണാതായിരിക്കുന്ന മുക്കൂട്ടുതറ സ്വദേശിനി ജസ്‌ന എന്ന പെണ്‍കുട്ടിയെ സംബന്ധിച്ച് യാതൊരുവിധ വിവരങ്ങളും പൊലിസ് അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. അതോടൊപ്പം വാരാപ്പുഴയിലെ കസ്റ്റഡി മരണവും ആഭ്യന്തര വകുപ്പിന്റെ വന്‍ വീഴ്ചയാണെന്നും യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് പി.സി. ജോര്‍ജ് എം.എല്‍.എ പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള ജനപക്ഷം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ മെയ് എട്ടിന് ചെങ്ങന്നൂരില്‍ ചേരുവാനും കാര്‍ഷിക മേഖലയിലെ വില തകര്‍ച്ചക്കെതിരെ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുവാനും യോഗത്തില്‍ തീരുമാനമായി.സംസ്ഥാന നേതാക്കളായ മുഹമ്മദ് സക്കീര്‍, ജോസ് കോലടി, തങ്കച്ചന്‍ ജോസ്, ഇ.കെ. ഹസന്‍കുട്ടി, ആന്റണി മാര്‍ട്ടിന്‍, അഡ്വ. ജോര്‍ജ് ജോസഫ് കാക്കനാട്ട്, ജോയിസ് സ്‌ക്കറിയ, സെബി പറമുണ്ട, എം.എം. സുരേന്ദ്രന്‍, പ്രൊഫ. സെബാസ്റ്റ്യന്‍ ജോസഫ്, പ്രൊഫ. വര്‍ഗീസ് കൊച്ചുകുന്നേല്‍, സുബിഷ് ശങ്കര്‍, ഉമ്മച്ചന്‍ കൂറ്റനാല്‍, അബ്ദുള്‍ഖാദര്‍, ജി.കൃഷ്ണകുമാര്‍, ഷാജി പാലാത്ത് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."