മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം: എം.ജി.എസിന്റെ ഉപവാസം മെയ് 18ന്
കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് ഈ മാസം നടത്താന്‍ തീരുമാനിച്ചിരുന്ന അനിശ്ചിതകാല കൂട്ടനിരാഹാര സമരം മെയ് 18ലേക്ക് മാറ്റി.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന സമരനായകന്‍ ഡോ.എം.ജി.എസ് നാരായണന് ഡോക്ടര്‍മാര്‍ കുറച്ച് ദിവസം വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സമരം മാറ്റിവച്ചത്. റോഡ് വികസനത്തിന് സമ്മതപത്രം നല്‍കിയവരുടെ ഭൂമി ഏറ്റെടുക്കാന്‍ 112 കോടി രൂപ ഉടന്‍ അനുവദിക്കുക, അവശേഷിക്കുന്ന ഭൂമി എല്‍.എ നിയമപ്രകാരം ഏറ്റെടുക്കുക, കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എം.ജി.എസിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചിരുന്നത്.
സമരം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി 29, 30 തിയതികളില്‍ വെള്ളിമാടുകുന്ന്, നടക്കാവ്, സിവില്‍ സ്‌റ്റേഷന്‍ എന്നിവടങ്ങളില്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനാ ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിച്ച് സംയുക്ത മേഖലാ കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കും.
മെയ് 11ന് ആക്ഷന്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാനയുടെ നേതൃത്വത്തില്‍ വെള്ളിമാടുകുന്ന് മുതല്‍ മാനാഞ്ചിറ വരെ വാഹന പ്രചാരണ ജാഥ നടത്തും. ഉച്ചയ്ക്ക് മൂന്നിന് വെള്ളിമാടുകുന്ന് ജെ.ഡി.ടി സ്‌കൂളിന് സമീപത്ത് നിന്നാരംഭിക്കുന്ന ജാഥ വൈകിട്ട് ഏഴിന് കിഡ്‌സണ്‍ കോര്‍ണറിലാണ് സമാപിക്കുക. 10 കേന്ദ്രങ്ങളില്‍ നടക്കുന്ന വിശദീകരണ യോഗങ്ങളില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും കൗണ്‍സിലര്‍മാരും സംസാരിക്കും.
15 വര്‍ഷമായി മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡില്‍ നടന്ന വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മയ്ക്കായി മെയ് 15ന് വൈകിട്ട് ഏഴിന് മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്ക് സമീപം സ്മരണ ജ്വാല തെളിയിക്കും. ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ഡോ. എം.ജി.എസ് നാരായണന്‍ അധ്യക്ഷനായി.
വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി വാസുദേവന്‍, അഡ്വ. സി.ജെ റോബിന്‍, കെ.വി സുനില്‍കുമാര്‍, കെ.പി വിജയകുമാര്‍, പി.എം കോയ, എം.ടി തോമസ്, കെ. സത്യനാഥന്‍, പ്രദീപ് മാമ്പറ്റ, ജോര്‍ജ് സൈമണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."