സുബൈദ വധം: കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
കാസര്‍കോട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പ് ജില്ലാ പൊലിസ് മേധാവിയുടെ അനുമതിക്കു വേണ്ടി നല്‍കിയിരിക്കുകയാണ് അന്വേഷണ സംഘം.
ഇക്കഴിഞ്ഞ ജനുവരി 19നാണു വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്ന സുബൈദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം കണ്ടെത്തുന്നതിനു രണ്ടു ദിവസം മുമ്പാണ് അയല്‍വാസികള്‍ സുബൈദയെ കണ്ടിരുന്നത്. പിന്നീട് ഇവരുടെ വീട് പുറമെനിന്നു പൂട്ടിയിട്ടതു കണ്ടതിനെ തുടര്‍ന്ന് പരിസരവാസികള്‍ ഇവരുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമില്ലാതെ വന്നതോടെ ഇവരുടെ ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു പൊലിസ് സുബൈദയുടെ വീട്ടിലെത്തി പിന്‍വാതില്‍ പൊളിച്ചു അകത്തു കടന്നതോടെയാണ് സുബൈദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പൊലിസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ നാലു പേരെ രണ്ടാഴ്ചക്കകം അറസ്റ്റു ചെയ്യുകയും പ്രതികള്‍ കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍നിന്നു കണ്ടെത്തുകയും ചെയ്തിരുന്നു. സുബൈദയുടെ മൃതദേഹം കണ്ടെത്തുന്നതിനു രണ്ടു ദിവസം മുമ്പാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും കണ്ടെത്തിയിരുന്നു. പ്രതികള്‍ സഞ്ചരിച്ച രണ്ടു കാറുകളും സുബൈദയെ ബോധം കെടുത്താന്‍ ഉപയോഗിച്ച ലായനിയും തുണിയുമുള്‍പ്പെടെ അന്വേഷണ സംഘം പ്രതികളുടെ സഹായത്തോടെ കണ്ടെടുത്തിരുന്നു.
കാസര്‍കോട് പട്‌ല കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍, കുതിരപ്പടിയിലെ അബ്ദുല്‍ അസീസ്, കര്‍ണാടക സുള്ള്യ സ്വദേശി അസീസ്, മാന്യയിലെ ഹര്‍ഷാദ് എന്നിവരാണ് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്നത്.
കൊല നടന്നു രണ്ടാഴ്ചക്കകം തന്നെ അന്വേഷണ സംഘം പ്രതികളെ പിടികൂടുകയും കൊലയാളികളില്‍ നിന്നു സുബൈദയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ തെളിവുകളും കണ്ടെടുക്കുകയും ചെയ്തു. മൂന്നു മാസം തികയുന്നതിനു മുമ്പു തന്നെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങുന്നതു തടയാനുള്ള ശ്രമത്തിലാണ് പൊലിസ്.
ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണിന്റെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. സുകുമാരന്‍, ബേക്കല്‍ സി.ഐ വിശ്വംഭരന്‍, കാസര്‍കോട് സി.ഐ അബ്ദുല്‍ റഹീം എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടുകയും തൊണ്ടിമുതലുകള്‍ കണ്ടെടുക്കുകയും ചെയ്തത്.
കുറ്റപത്രത്തിനു ജില്ലാ പൊലിസ് മേധാവിയുടെ അനുമതി കിട്ടുന്നതോടെ അടുത്ത ദിവസം തന്നെ ഇതു കോടതിയില്‍ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."