തീരദേശ സുരക്ഷക്ക് നാവിക്, സാഗര പദ്ധതികള്‍
സ്വന്തം ലേഖകന്‍
കണ്ണൂര്‍: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശ മേഖലകള്‍ക്കായി സമഗ്ര പദ്ധതികള്‍ വരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപായ മുന്നറിയിപ്പ് സംവിധാനം ഫലപ്രദവും വിപുലമായും നടപ്പാക്കാനാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്.
ഇതിനായി മത്സ്യത്തൊഴിലാളികളുടെയും തീരദേശ വാസികളുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ് സര്‍ക്കാര്‍. ഇതിന് പുറമേ 'നാവിക്' എന്ന ഉപകരണം യാനങ്ങളിലും ബോട്ടുകളിലും സ്ഥാപിക്കുന്നതിനുള്ള പരീക്ഷണം പൂര്‍ത്തിയായതായി മത്സ്യബന്ധന ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അറിയിച്ചു. നാവിക്കിന്റെ നിര്‍മാണ ചുമതല കെല്‍ട്രോണിനാണ്. നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം.നാവിക്കിന് പുറമേ മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതിയും തീര ദേശങ്ങള്‍ക്കായി നടപ്പാക്കുന്നുണ്ട്. 'സാഗര' എന്ന് പേരിട്ട മൊബൈല്‍ ആപ്ലിക്കേഷന്‍ എന്‍.ഐ.സിയുടെ സഹായത്തോടെയാണ് തയാറാക്കിയത്. ഈ പദ്ധതിക്കായി മത്സ്യത്തൊഴിലാളികളുടെ ഫോണ്‍ നമ്പറുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ശേഖരിച്ച് എന്‍.ഐ.സിക്ക് കൈമാറിയിട്ടുണ്ട്. ഈ ആപ്ലിക്കേഷനുകള്‍ വഴിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ കൈമാറുക. കാലവസ്ഥാ വിവരം മുന്നറിയിപ്പുകള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചാണ് സാഗര പദ്ധതി.
ഇതിന് പുറമേ മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച് ഫിഷറീസ് വകുപ്പ് ഉത്തരവായി. ഭവന നിര്‍മാണ സഹായ പദ്ധതി രണ്ടുലക്ഷത്തില്‍ നിന്ന് നാലു ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് തുക അഞ്ചുലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷമാക്കി ഉയര്‍ത്തി. കടാശ്വാസ പദ്ധതി തുക 25,000ല്‍നിന്ന് ഒരുലക്ഷമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."