നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍വേ തുരങ്കപാതക്ക് അനുകൂലമെന്ന് കര്‍ണാടക
കല്‍പ്പറ്റ: നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍വേ പാത കര്‍ണാടകയിലെ വനത്തില്‍ തുരങ്കത്തിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ സര്‍വേക്ക് അനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് സമ്മതമാണെന്നറിയിച്ചിട്ടും കേരളത്തിന് മൗനം.
കര്‍ണാടക വനംവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വിജയകുമാര്‍ ഗോകിയാണ് ഇതു സംബന്ധിച്ച് 2017 നവംബര്‍11ന് കേരളാ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്കും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എക്കും കത്തു നല്‍കിയത്.
കത്തിന്റെ പകര്‍പ്പ് എം.എല്‍.എ മന്ത്രി ജി.സുധാകരനും റയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനും നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമസഭയില്‍ എം.ഉമ്മര്‍ എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി പറഞ്ഞത് ബന്ദിപ്പൂര്‍ വനത്തിലൂടെ റെയില്‍വേ കടന്നുപോകുന്നതിനെതിരേ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനമുണ്ടെന്നാണ്. അതിനാല്‍ പുതിയ അലൈന്‍മെന്റ് തയാറാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നുമായിരുന്നു.
കര്‍ണാടക തടസ്സമുന്നയിക്കുന്നതിനാലാണ് ഈ പാത നടപ്പാക്കാനാകാത്തതെന്നും മന്ത്രി ആരോപിച്ചിരുന്നു. തുടര്‍ന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ നിജസ്ഥിതി അറിയാനായി കര്‍ണാടക വനംവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി.
തുരങ്കം വഴിയുള്ള റെയില്‍പാതക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും വിജ്ഞാപനം റയില്‍പാതയ്ക്ക് തടസ്സമല്ലെന്നുമാണ് അഡീ.ചീഫ് സെക്രട്ടറി ചര്‍ച്ചയില്‍ പറഞ്ഞത്. ഈ വിവരം കേരളാ സര്‍ക്കാരിനെയും അറിയിച്ചു. പാതയ്ക്ക് പരിസ്ഥിതി അനുമതി നല്‍കേണ്ടത് പരിസ്ഥിതി മന്ത്രാലയവും ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും ദേശീയ വന്യജീവി ബോര്‍ഡുമാണ്. അവരുടെ അനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ കര്‍ണാടക സ്വീകരിക്കും. എന്നാല്‍ ഇതിനാവശ്യമായ അപേക്ഷ കേരളം കര്‍ണാടക സര്‍ക്കാരിന് നല്‍കണമെന്നുമാണ് അദ്ദേഹം അറിയിച്ചത്.
എന്നാല്‍ കേരള സര്‍ക്കാര്‍ ഇത് കാണാത്ത ഭാവം നടിച്ചു. മുന്‍പ് ബംഗളൂരുവില്‍ നടന്ന ഉന്നതതല ചര്‍ച്ചയില്‍ കണാടക വനം ഉദ്യോഗസ്ഥര്‍ പാത വനത്തിലൂടെ കടന്നുപോകുന്നത് സംബന്ധിച്ച് പല സംശയങ്ങളും ഉന്നയിച്ചിരുന്നു.
എന്നാല്‍ ഡോ.ഇ. ശ്രീധരന്‍ അതിന് കൃത്യമായ വിശദീകരണം നല്‍കി. പാത വനത്തിലൂടെ തുരങ്കത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് വ്യക്തമാക്കിയിരുന്നു. പാതയുടെ അലൈന്‍മെന്റ് മാപ്പ് തയാറാക്കി നല്‍കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും കേരളാ-കര്‍ണാടക സര്‍ക്കാരുകള്‍ ആ ചര്‍ച്ചയില്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഡി.എം.ആര്‍.സി അലൈന്‍മെന്റ് മാപ്പ് തയാറാക്കി നല്‍കിയെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കാതെ കേരളം പദ്ധതി അട്ടിമറിക്കുകയാണെന്ന് ഇതോടെ ആരോപണമുയര്‍ന്നിരുന്നു.
മന്ത്രി പറയുന്നത് 4.10.12 ലെ വിജ്ഞാപനമാണ്. 27.2.17 ലെ പുതുക്കിയ വിജ്ഞാപനത്തോടെ ഇത് കലഹരണപ്പെട്ടതാണ്. പുതിയ വിജ്ഞാപനപ്രകാരം ബന്ദിപ്പൂരില്‍ റയില്‍വേക്ക് നിരോധനമില്ല. എന്നാല്‍ യാതൊരു തുടര്‍നടപടിയും സ്വീകരിക്കാതെ കര്‍ണാടകയെ കുറ്റപ്പെടുത്തി പാത അട്ടിമറിക്കുകയാണ് കേരളം ചെയ്യുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."