ആരാകും സൂപ്പര്‍: ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന്
ഭുവനേശ്വര്‍: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ കലാശപ്പോര് ഇന്ന്. ഐ.എസ്.എല്‍, ഐ ലീഗ് ടീമുകള്‍ തമ്മില്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഐ.എസ്.എല്‍ ടീം ബംഗളൂരു എഫ്.സിയും ഐ ലീഗ് ടീം ഈസ്റ്റ് ബംഗാളുമാണ് നേര്‍ക്കുനേര്‍ വരുന്നത്. മോഹന്‍ ബഗാനെ 4-2ന് തകര്‍ത്താണ് ബംഗളൂരു ഫൈനലിലേക്ക് പ്രവേശിച്ചത്. എഫ്.സി ഗോവയെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തിയാണ് ഈസ്റ്റ് ബംഗാളിന്റെ വരവ്. ഫൈനല്‍ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.
വിവിധ ടൂര്‍ണമെന്റുകളിലായി മുന്‍പ് എട്ട് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ പോരാടിയിട്ടുള്ളത്. അഞ്ച് വിജയങ്ങളുമായി ഈസ്റ്റ് ബംഗാള്‍ മുന്നില്‍ നില്‍ക്കുന്നു. അതേസമയം അവസാനം കളിച്ച രണ്ട് മത്സരങ്ങളില്‍ വിജയം ബംഗളൂരുവിനൊപ്പമായിരുന്നു.
നിലവില്‍ രാജ്യത്തെ ഏറ്റവും പ്രൊഫഷണലായ ഫുട്‌ബോള്‍ ക്ലബാണ് ബംഗളൂരു എഫ്.സി. കുറഞ്ഞ കാലം കൊണ്ട് മികച്ച ഫലങ്ങള്‍ സൃഷ്ടിച്ച അവര്‍ ആദ്യമായി ഇത്തവണ ഐ.എസ്.എല്ലില്‍ കളിക്കാനെത്തി ഫൈനല്‍ വരെ മുന്നേറിയിരുന്നു. 2013ല്‍ നിലവില്‍ വന്ന ബംഗളൂരു രണ്ട് തവണ ഐ ലീഗിലും ഫെഡറേഷന്‍ കപ്പിലും ചാംപ്യന്‍മാരായി. ഐ.എസ്.എല്ലില്‍ ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയ ടീം ഐ ലീഗിലും ഒരു സീസണില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ എ.എഫ്.സി കപ്പിന്റെ ഫൈനലിലെത്തി ചരിത്രമെഴുതിയ ബംഗളൂരു അവിടെയും രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു.
താരങ്ങളെല്ലാം മികച്ച ഫോമില്‍ നില്‍ക്കുന്നതിന്റെ കരുത്തും പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയുടെ തന്ത്രങ്ങളുമാണ് ബംഗളൂരുവിന്റെ കരുത്ത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മികുവും മുന്നേറ്റത്തില്‍ മാരക ഫോമില്‍ കളിക്കുന്നത് തന്നെ അവരുടെ ബലം. സീസണിലെ ആദ്യ കിരീടമെന്ന ലക്ഷ്യമാണ് ബംഗളൂരു മുന്നില്‍ കാണുന്നത്.
അധികം വിശേഷണങ്ങളുടെ ആവശ്യമില്ല ഈസ്റ്റ് ബംഗാളിന്. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തെ ഒപ്പം നടത്തിയതിന്റെ ആഴവും പരപ്പുമാണ് അവരുടെ പിന്‍ബലം. കൊല്‍ക്കത്തന്‍ കരുത്തര്‍ക്ക് പക്ഷേ കഴിഞ്ഞ ആറ് വര്‍ഷമായി ഒരു കിരീട നേട്ടവും അവകാശപ്പെടാനില്ല. ആ കോട്ടം നികത്തുകയാണ് പ്രഥമ സൂപ്പര്‍ കപ്പ് കിരീടത്തിലൂടെ ടീം ലക്ഷ്യമിടുന്നത്. ഐസ്വാളിനെ ഐ ലീഗ് ചാംപ്യന്‍മാരാക്കി അത്ഭുതം സൃഷ്ടിച്ച ഖാലിദ് ജമീലിന്റെ തന്ത്രങ്ങളാണ് ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റത്തിലെ കാതല്‍. ഇത്തവണ ഐ ലീഗില്‍ നാലാം സ്ഥാനത്തെത്തിയ അവര്‍ അവസാനമായി ഒരു കിരീടം നെഞ്ചോട് ചേര്‍ത്തത് 2012ലെ ഫെഡറേഷന്‍ കപ്പായിരുന്നു.
മലയാളിയായ ഗോള്‍ കീപ്പര്‍ ഉബൈദ് സി.കെ, കാറ്റ്‌സുമി യുസ തുടങ്ങി ശ്രദ്ധേയരായ താരങ്ങളുടെ കരുത്തിലാണ് ടീമിന്റെ വിശ്വാസം. ഇന്ത്യന്‍ ഫുട്‌ബോളില്‍ 97 വര്‍ഷത്തെ ബൃഹത്തായ ചരിത്രമുള്ള ഈസ്റ്റ് ബംഗാള്‍ എണ്ണമറ്റ കിരീടങ്ങള്‍ ഷോക്കേസിലെത്തിച്ചവരാണ്. ആ കൂട്ടത്തിലേക്ക് സൂപ്പര്‍ കപ്പും എത്തുമോ എന്ന് കണ്ടറിയാം. മികച്ച രണ്ട് ടീമുകളുടെ നേര്‍ക്കുനേര്‍ പോര് തീപ്പാറുമെന്നും പ്രതീക്ഷിക്കാം.
ഫൈനലിലേക്കുള്ള വഴി
ബംഗളൂരു എഫ്.സി
പ്രീ ക്വാര്‍ട്ടറില്‍ ഗോകുലം കേരളയെ 2-1ന്
പരാജയപ്പെടുത്തി
ക്വാര്‍ട്ടറില്‍ നെരോക്കയെ 3-1ന് വീഴ്ത്തി
സെമിയില്‍ മോഹന്‍ ബഗാനെ 4-2ന് കീഴടക്കി
ഈസ്റ്റ് ബംഗാള്‍
പ്രീ ക്വാര്‍ട്ടറില്‍ മുംബൈ സിറ്റിയെ 2-1ന്
പരാജയപ്പെടുത്തി
ക്വാര്‍ട്ടറില്‍ ഐസ്വാളിനെ 1-0ത്തിന് വീഴ്ത്തി
സെമിയില്‍ എഫ്.സി ഗോവയെ 1-0ത്തിന്
കീഴടക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."