ബ്രിട്ടീഷുകാര്‍ക്ക് കൂലിപ്പണി ചെയ്തവര്‍ രാജ്യസ്നേഹം പഠിപ്പിക്കുന്നു: ബിനോയ് വിശ്വം
തളിപ്പറമ്പ്: ബ്രിട്ടീഷുകാര്‍ക്ക് കൂലിപ്പണി ചെയ്തവരാണ് നമ്മെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ വരുന്നതെന്ന് സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗം ബിനോയ് വിശ്വം. സി.പി.ഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന കൊടിമര ജാഥക്ക് തളിപ്പറമ്പില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ലകാലം വരുമെന്ന് സാധാരണക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ബി.ജെ.പി അധികാരത്തില്‍ വന്നത്. എന്നാല്‍ നല്ലകാലം വന്നത് പണക്കാര്‍ക്കാണ്.
നല്ലകാലം കാത്തിരുന്ന സാധാരണക്കാര്‍ ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്നത് ഭയത്തിന്റെ നിഴലിലാണ്. മുസ്ലിം തീവ്രവാദികളില്നിന്നു ഹിന്ദുക്കളെ രക്ഷിക്കാനെന്ന് പറഞ്ഞ് ആര്.എസ്.എസും ഹിന്ദുത്വ തീവ്രവാദങ്ങളില്നിന്നു മുസ്ലിംങ്ങളെ രക്ഷിക്കാനെന്നു പറഞ്ഞ് എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സംഘടനകളും ജനങ്ങളെ പറ്റിക്കുകയാണ്. തീവ്രവാദത്തെ തീവ്രവാദം കൊണ്ട് നേരിടാനാവില്ല. ഇവര്‍ പരസ്പരം സഹായിക്കുന്ന തട്ടിപ്പിന്റെ സഖ്യമാണെന്ന് നാം മനസിലാക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സി.പി.ഐ ജില്ലാ നിര്‍വാഹക സമിതി അംഗം വേലിക്കാത്ത് രാഘവന് അധ്യക്ഷനായി. കെ.പി രാജേന്ദ്രന്, പി.പി സുനീര്‍, പി. വസന്തം, പി. സന്തോഷ് കുമാര്‍, വി.ജി സോമന്, വി.വി കണ്ണന്, എ.ആര്.സി നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."