ദേശീയപാത വികസനം: പ്രാരംഭ സര്‍വേ പൂര്‍ത്തീകരിച്ചു
മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം-ഇടിമുഴിക്കല്‍ നിര്‍ദിഷ്ട അലൈന്‍മെന്റ് പ്രദേശത്തെ പ്രാരംഭ സര്‍വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. പൊന്നാനിയിലെ പ്രാഥമിക സര്‍വേ നടപടികള്‍ കൂടി ഉടന്‍ പൂര്‍ത്തിയാക്കും. മന്ത്രിയുടെയും ജന പ്രതിനിധികളുടെയും നിര്‍ദേശത്തെതുടര്‍ന്ന് ഇടിമുഴിക്കലില്‍ ബദല്‍ പാതയുടെ അലൈന്‍മെന്റ് സര്‍വേ നാളെ നടത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ചേലേമ്പ്ര ഇടിമുഴിക്കല്‍ പ്രദേശത്ത് പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന 1.05 കിലോമീറ്റര്‍ സര്‍വേയും എ.ആര്‍.നഗര്‍ അരീതോട് പ്രദേശത്ത് തടസപ്പെട്ട് കിടന്നിരുന്ന 1.25 കിലോമീറ്റര്‍ പാതയുടെ പ്രാഥമിക സര്‍വേയുമാണ് അവസാനം പൂര്‍ത്തീകരിച്ചത്. ഇതോടെ ജില്ലയില്‍ ഒന്നാം ഘട്ടം റോഡ് വികസനത്തിന്റെ പ്രാഥമിക സര്‍വേ പൂര്‍ത്തിയായി.
ഇടിമുഴിക്കല്‍ ബദല്‍ പാതയുടെ സാധ്യതകള്‍ പരിശോധിക്കണമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവന്തപുരത്ത് ചേര്‍ന്ന യോഗം ജില്ലാ കലക്ടറോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പുറമെ സ്ഥലം എം.എല്‍.എ ഹമീദ് മാസ്റ്ററും ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷും ഈ ആവശ്യമുന്നിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ പെട്ടന്ന് ബദല്‍ പാതയുടെ അലൈന്‍മെന്റ് സര്‍വേ നടത്തുന്നതിന് തീരുമാനിച്ചത്.
ദേശീയ പാത വികസനത്തിനായി ജില്ലയില്‍ ഇടിമുഴിക്കല്‍ മുതല്‍ പൊന്നാനി വരെ 76.5 കിലോമീറ്റര്‍ പാതയാണ് സര്‍വേ നടത്താനുള്ളത്. ഇതില്‍ പൊന്നാനിയില്‍ 3.4 കിലോ മീറ്റര്‍ സര്‍വേ കൂടി നടത്താന്‍ ബാക്കിയുണ്ട്. ഇതു കൂടി പൂര്‍ത്തീകരിച്ചാല്‍ ദേശീയ പാത വികസനത്തിന്റെ പ്രാരംഭ സര്‍വേ നടപടികള്‍ പൂര്‍ത്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."