ദാവൂദിന്റെ സ്വത്തുക്കള്‍ കേന്ദ്രം ഏറ്റെടുക്കും; ഇതിനെതിരായ ബന്ധുക്കളുടെ ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കള്‍ കേന്ദ്രം ഏറ്റെടുക്കും. സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ കേന്ദ്രത്തോട് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് ആര്‍.കെ അഗര്‍വാള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിനെതിരെ ദാവുദിന്റെ മാതാവ് അമിന ബി കസ്‌കര്‍, സഹോദരി ഹസീന പാര്‍ക്കര്‍ എന്നിവര്‍ നല്‍കിയ ഹരജി കോടതി തള്ളി.
സ്വത്തുക്കള്‍ തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ ഹരജിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കിയെങ്കില്‍ അതില്‍ അവര്‍ പരാജയപ്പെടുകയാണുണ്ടായതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
1988ല്‍ ദാവുദിന്റെ സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ സീല്‍ ചെയ്തിരുന്നു. കള്ളകടത്തുകാരുടെ സ്വത്തുക്കള്‍ ഏറ്റെടുക്കാനുള്ള നിയമം,വിദേശനാണയ വിനിമയചട്ടം ലംഘിക്കുന്നവര്‍ക്കെതിരായ നിയമം എന്നിവ മുന്‍നിര്‍ത്തിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടി. ഇതിനെതിരെ അമിനയും ഹസീനയും സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം ഇതുമായി ബന്ധപ്പെട്ട ട്രിബ്യൂണലിനെയും ഡല്‍ഹി ഹൈകോടതിയേയും സമീപിച്ചുവെങ്കിലും വിധി പ്രതികൂലമായിരുന്നു. തുടര്‍ന്നാണ് കേസ് സുപ്രിംകോടതിയുടെ പരിഗണനയിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."