പച്ചമനുഷ്യന്റെ സര്‍വോദയം
മുതലാളിത്തത്തിന്റെ ഉല്‍പന്നമാണ് വികസനം. അത് പ്രകൃതിയെ തിന്നുതീര്‍ക്കും. അതിന്റെ കാലം കഴിയുന്നു. കാരണം മനുഷ്യന്റെ നിലനില്‍പ് അപകടത്തിലായിരിക്കുന്നു. അതുകൊണ്ടിനി സര്‍വോദയത്തിന്റെ കാലമാണ്. മുതലാളിത്തവികസനത്തിലാണ് അംബാനിയും ജിഷയും രണ്ടറ്റങ്ങളാകുന്നത്. ബച്ചനും തെണ്ടിയുമുണ്ടാകുന്നത്. അണക്കെട്ട് ആദിവാസിയെ കൊല്ലുന്നത്. കാടും പാടവും കൈയേറുന്നത്. യഥാര്‍ഥ മതശാസ്ത്രവും ഇടതുചിന്തയും ഫലത്തില്‍ വ്യത്യസ്തമല്ല. വികസനത്തിനു പകരം അവിടെ സര്‍വോദയമാണ് വേണ്ടത്. മതവും ഇടതും മരം നടാനും മണ്ണ് സംരക്ഷിക്കാനും പറയും. കാരണം സാധാരണമനുഷ്യരാണ് അവയുടെ ഫോക്കസ്. ഇതിനെക്കാള്‍ ലളിതമായി ഇക്കാര്യം പറയാനാവില്ല. പ്രകൃതി സാധാരണക്കാരന് വെള്ളവും വിഭവങ്ങളും വായുവും ഒരുപോലെ സൗജന്യമായി നല്‍കുന്നു. കാട് കാടായും പുഴ പുഴയായും മണ്ണ് മണ്ണായും നിലനില്‍ക്കണം. അതൊന്നും ആരും കൈയേറരുത്. അവിടെ അംബാനിമാര്‍ ഭരിക്കുന്നില്ല. മനുഷ്യന് മാത്രമായി പ്രകൃത്യാലുള്ള സിദ്ധികള്‍ ദുരുപയോഗം ചെയ്യുമ്പോഴാണ് വികസനമുണ്ടാകുന്നത്. അവയെ സര്‍ഗാത്മകമായും അബോധാത്മകമായും സ്വതന്ത്രമാക്കുമ്പോഴാണ് സര്‍വോദയമുണ്ടാകുന്നത്. സര്‍വോദയമെന്നാല്‍ ഭൂമിയിലെ എല്ലാ വൈവിധ്യങ്ങളെയും നിലനിര്‍ത്തുന്ന നയമാണ്. സര്‍വോദയം നിലവില്‍ വരേണ്ട കാലം കഴിഞ്ഞു. ഒരുപക്ഷേ കേരളവും അതിലെ ഇടതുമന്ത്രിസഭയും ആ നിലയില്‍ ഒരു വഴിത്തിരിവാകേണ്ടതുണ്ട്.
ജൈവകുലത്തിലെ മനുഷ്യര്‍ക്ക് മാത്രമായി അനേകം സവിശേഷതകളുണ്ട്. ആ സവിശേഷതകള്‍ സര്‍ഗാത്മകമാകണം; ആത്മഹത്യാപരമാകരുത്. ചിരി, കണ്ണീരോടുകൂടിയ കരച്ചില്‍, ഇരുകാലില്‍ നിവര്‍ന്നുള്ള നടപ്പ്, വിരല്‍വൈഭവത്തോടെയുള്ള കൈവേല, ഭാഷ, കല, യുക്തി എന്നിവയാണ് ആ സവിശേഷതകള്‍. ഇവയെല്ലാം മനുഷ്യജീവിതത്തില്‍ സഹവര്‍ത്തിക്കുന്നു. ഇവയുടെ ഉചിതവും പരിമിതവും സന്തുലിതവുമായ പരിപാലനത്തിലാണ് നാട്ടുപച്ചയുടെ സാന്നിധ്യം ഉണ്ടാവുന്നത്. ഇവയുടെ അനന്തവും അനുചിതവും അസന്തുലിതവുമായ വിന്യാസത്തിലൂടെയാണ് വ്യവസായനാഗരികത ആഗോളവത്കരിക്കപ്പെടുന്നത്. ആദ്യത്തേത് പരിസ്ഥിതിയുടെ സര്‍ഗാത്മകതയും രണ്ടാമത്തേത് പരിസ്ഥിതിയുടെ വിനാശവും വരുത്തുന്നു.
ചിരിക്കാനുള്ള കഴിവ് മനുഷ്യര്‍ക്ക് മാത്രമുള്ളതാണ്. മറ്റു ജീവികളാരും ചിരിക്കുന്നില്ല. അതടിസ്ഥാനപരമായി ഒരു മാനസികസിദ്ധിയാണ്. ഒരു സന്തുഷ്ടമായ മാനസികാനുഭവത്തിന്റെ ഭാവം മുഖത്തു സ്ഫുരിക്കുന്നു. പല അര്‍ഥങ്ങളില്‍ നമുക്ക് ചിരിക്കാനാവും. പരസ്പരം പരിചയമുള്ള അയല്‍ക്കാര്‍ തമ്മില്‍ കാണുമ്പോഴും സുഹൃത്തുക്കളോ ബന്ധുക്കളോ തമ്മില്‍ കാണുമ്പോഴും പുഞ്ചിരിക്കും. എന്നാല്‍ ഇന്ന് അയല്‍ക്കാര്‍ തമ്മിലുണ്ടാകുന്ന ചിരി അപൂര്‍വമായിരിക്കുന്നു. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ചിരി മിക്കവാറും മാഞ്ഞുപോയിരിക്കുന്നു. വര്‍ഗീയതയും ജാതീയതയും രാഷ്ട്രീയവൈരവും ഒരു ഭാഗത്ത് ആ ചിരിയെ ചുണ്ടുകളില്‍ വിലക്കുമ്പോള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് രൂപപ്പെട്ട അഹന്തയും മതിലുള്ള വീടുകളിലെ സുഖസൗകര്യങ്ങളും മനുഷ്യരിലെ പുഞ്ചിരിക്കാനുള്ള മനോഭാവത്തെ എടുത്തുകളഞ്ഞിരിക്കുന്നു. അഥവാ ഇന്ന് പുഞ്ചിരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ ഇന്‍ഷുറന്‍സ് ഏജന്റുമാരോ കച്ചവടക്കാരോ വോട്ടു തെണ്ടുന്ന രാഷ്ട്രീയക്കാരോ മാത്രമായി ചുരുങ്ങുന്നു. അവരാകട്ടെ അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ടിയുള്ള ഒരു തന്ത്രമായിട്ടാവും പരിചയമില്ലാത്തവരോടു പോലും ചിരിക്കുക. അതിനവര്‍ക്ക് മതിയായ ട്രെയിനിങും ലഭിക്കുന്നു. അത്തരത്തില്‍ മാത്രം പുഞ്ചിരിക്കുന്നവരായി നാം മാറിയിരിക്കുന്നു.
ജൈവകുലത്തില്‍ കണ്ണീരോടെ കരയുന്നത് മനുഷ്യന്‍ മാത്രമാണ്. സ്വന്തം അവസ്ഥയിലും മനുഷ്യന്‍ കരയും എന്നതുകൊണ്ട് കരച്ചില്‍ പൂര്‍ണമായും വിടപറയില്ല. നാം മറ്റുള്ളവരോടുള്ള വേര്‍പാടിലോ അവരുടെ ദുര്യോഗങ്ങളിലോ കരഞ്ഞിരുന്നു. മരണങ്ങളിലും കരച്ചില്‍ സാധാരണമായിരുന്നു. ബന്ധങ്ങള്‍ ശോഷിച്ച കാലമായതിനാല്‍ ഇന്ന് കരച്ചിലും വറ്റിയിരിക്കുന്നു. വയസായ അമ്മയുടെയോ അച്ഛന്റെയോ വേര്‍പാടില്‍ നാമിന്ന് കരയുന്നില്ല. അത്തരത്തിലുള്ള കരച്ചില്‍ നമ്മില്‍ നിന്ന് വിടപറയുകയാണ്. അമ്മയെ ഉപേക്ഷിക്കുവാനോ വൃദ്ധസദനത്തിലാക്കാനോ മുതിരുന്ന ആധുനിക മനുഷ്യര്‍ക്ക് സ്വാഭാവികമാണത്. കുട്ടികളെയും സ്ത്രീകളെയും പുരുഷനെയും മനുഷ്യര്‍ സഹാനുഭൂതിയോടെയല്ല സമീപിക്കുന്നതെന്ന് സമീപകാലത്തെ വാര്‍ത്തകള്‍ ബോധ്യപ്പെടുത്തുന്നു. ആര്‍ദ്രത മനുഷ്യരില്‍ നിന്ന് ക്രമേണ വിടപറയുന്നുവെന്ന് സാരം. കുട്ടികളോട് നമുക്ക് പണ്ടുണ്ടായിരുന്ന വാത്സല്യത്തിന് കുറവു വന്നിട്ടുണ്ട്. കുട്ടികള്‍ക്ക് തിരിച്ചും. ചിരി പോലെ കരച്ചിലിന്റെ ഇടവും നമ്മില്‍ നിന്ന് വേര്‍പെടുന്നുവെന്നാണ് നാം മനസിലാക്കേണ്ടത്. പ്രകൃതിയുടെ കാലാവസ്ഥകളില്‍ മാറ്റം വരുന്നതുപോലെയാണ് മനുഷ്യനില്‍ വരുന്ന പ്രകൃതിഭാവത്തിന്റെ മാറ്റവും. മാതൃസ്‌നേഹത്തിലും ശിശുക്കളിലും സ്വാര്‍ഥതയിലും മാത്രമാണ് ഇന്ന് കുറെയെങ്കിലും കണ്ണീരും കരച്ചിലും അവശേഷിക്കുന്നത്.
ജൈവകുലത്തില്‍ പൂര്‍ണമായും ഇരുകാലില്‍ നിവര്‍ന്നുനടക്കുന്നത് മനുഷ്യര്‍ മാത്രമാണ്. നടക്കുക മാത്രമല്ല പുലിയെയും മാനിനെയും പോലെ അത്രയല്ലെങ്കിലും വേഗത്തിലോടാനും മനുഷ്യനു കഴിയും. പരിഷ്‌കാരങ്ങളും സുഖസൗകര്യങ്ങളും വര്‍ധിച്ചപ്പോള്‍ അവരുടെ നടപ്പും ഓട്ടവും അര്‍ക്ക് വേണ്ടാതായി. അരക്കിലോമീറ്റര്‍ പോലും നടക്കാനുള്ള മനോഭാവം നമുക്ക് നഷ്ടമായിരിക്കുന്നു. പകരം നാം ഇന്ന് മോട്ടോര്‍ സൈക്കിളോ കാറോ ബസ്സോ ട്രെയിനോ ഉപയോഗിക്കുന്നു. നടപ്പും ഓട്ടവും ഒഴിവാക്കുന്നു. നടക്കുന്ന കാലങ്ങളില്‍ നാട്ടുവഴികളുണ്ടായിരുന്നു. നാട്ടുവഴികളില്‍ നാട്ടുകാരുണ്ടായിരുന്നു. ചെടികളും മൃഗങ്ങളും പക്ഷികളുമുണ്ടായിരുന്നു. അവരോട് കുശലം പറഞ്ഞും അവരുടെ ഭാവങ്ങളും ശബ്ദങ്ങളും അറിഞ്ഞും നാം നടന്നിരുന്നു. ആ നാട്ടുവഴികളെല്ലാം നാം വലുതാക്കി ടാറിട്ട് വണ്ടിയോട്ടാന്‍ പാകത്തിലായ റോഡുകളാക്കി. കാളവണ്ടികളും മറ്റു മൃഗവണ്ടികളും നാം പിന്നിട്ടു. അവയുടെ സാന്നിധ്യം വഴികളെ കുറച്ചെങ്കിലും ജൈവികമാക്കി. ഇന്ന് കോടിക്കണക്കിന് വാഹനങ്ങള്‍ കേരളത്തില്‍ത്തന്നെയുണ്ട്. നടക്കുമ്പോള്‍ നാം പരസ്പരം കണ്ടിരുന്ന മനുഷ്യരെ ഇന്ന് കാണുന്നില്ല. കാഴ്ചകളും കേള്‍വികളും തേടുന്നില്ല. നടപ്പ് നമുക്ക് നഷ്ടപ്പെടുത്തിയത് നാട്ടിലെ ഇതരമനുഷ്യരെയും പ്രകൃതിയിലെ ഇതര കാഴ്ചകളെയുമാണ്. പിന്നെ നടക്കുന്നതു കൊണ്ടും ഓടുന്നതുകൊണ്ടുമുള്ള ശാരീരികക്ഷമത ഇല്ലാതായി. പ്രമേഹവും രക്തസമ്മര്‍ദ്ദവും മറ്റനാരോഗ്യങ്ങളും വന്നുപെടുമ്പോള്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരം അനിവാര്യമായ നടപ്പിനായി നടയന്ത്രം വീടിനകത്ത് വിലയ്ക്കു വാങ്ങി സൂക്ഷിക്കുകയാണു നാം. അങ്ങനെ നടപ്പും നമ്മെ വിടപറയുന്നു.
ഭാഷയാണ് മനുഷ്യന്റെ മറ്റൊരു സിദ്ധി. മനുഷ്യരെപ്പോലെ സംസാരിക്കാന്‍ മറ്റൊരു ജീവിക്കും കഴിയില്ല. മനസിലെ ചിത്രങ്ങളോ ആശയങ്ങളോ ശബ്ദങ്ങളിലൂടെ കൈമാറാന്‍ നമുക്കു കഴിയുന്നു. ആ ശബ്ദങ്ങളെ പകര്‍ത്താന്‍ പാകത്തില്‍ എഴുത്തു വിദ്യയും നാം ആര്‍ജിച്ചു. എഴുത്തുവിദ്യ വികസിച്ചതോടെ സംഭാഷണങ്ങള്‍ നാം പരിമിതപ്പെടുത്തി. കൂടുതല്‍ യുക്തിയോടെയും പ്ലാനിങ്ങോടെയും നാം എഴുത്തുഭാഷയെ കൈകാര്യം ചെയ്തു. പരസ്പരം നിഷ്‌കളങ്കമായി ആശയവിനിമയം ചെയ്യുകയായിരുന്നു സംഭാഷണത്തിന്റെ രീതി. മനുഷ്യര്‍ തമ്മില്‍ സംസാരിക്കാനിഷ്ടപ്പെടാത്ത അവസ്ഥയിലേക്ക് ഇന്ന് നമ്മുടെ നാഗരികത മാറിത്തീര്‍ന്നിരിക്കുന്നു. തനിക്കെന്തെങ്കിലും ഉപയോഗമുണ്ടെങ്കില്‍ മാത്രമായി അത്. പരസ്പരം കേള്‍ക്കാന്‍ സമയമില്ലാത്തവരായി, കൗതുകം നഷ്ടപ്പെട്ടവരായി നാം മാറിയിരിക്കുന്നു. മാത്രമല്ല, ഇന്ന് മനുഷ്യന്റെ ഏറ്റവും വലിയ ശത്രുക്കളിലൊന്ന് ഭാഷയായിരിക്കുന്നു. നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറയുന്ന കോര്‍പറേറ്റുകള്‍ ആളുകളെ പരസ്യങ്ങളിലൂടെ വഴിതെറ്റിക്കുന്നു. ഭൂരിപക്ഷം രാഷ്ട്രീയക്കാരും തങ്ങളുടെ വിജയത്തിനായി നുണകള്‍ പറഞ്ഞ് സാധാരണക്കാരെ വഞ്ചിക്കുന്നു, തമ്മിലടിപ്പിക്കുന്നു. ഏതു കുറ്റങ്ങളും ഭാഷാപരമായ അഭ്യാസത്തിലൂടെ മറച്ചു വയ്ക്കുന്നു. ചാനലുകളില്‍ വിഷയങ്ങള്‍ തര്‍ക്കിച്ച് തര്‍ക്കിച്ച് അതിന്റെ ഗൗരവം നഷ്ടപ്പെടുത്തുന്നു. കൊലപാതകങ്ങള്‍ പരസ്യമായി ബോധ്യപ്പെട്ടാലും ഭാഷയുടെ പ്രയോഗവൈഭവത്തിലൂടെ കുറ്റവാളി കുറ്റവാഴിയായി രക്ഷപ്പെടുന്നു. വര്‍ഗീയപ്പിശാചുക്കള്‍ ജാതിമതങ്ങളുടെ പേരില്‍ വിഷം ചീറ്റുന്നു. വര്‍ഗീയകലാപങ്ങള്‍ സംഘടിപ്പിക്കുന്നു. വംശീയമായ ഉന്മൂലനത്തിനായി, അണികളെ ഭ്രാന്തുപിടിപ്പിക്കുന്നതിനായി ആ ഭാഷയെ ഉപയോഗിക്കുന്നു. ഒരു രാജ്യം അന്യരാജ്യങ്ങളെ തകര്‍ക്കാന്‍ പോലും ഭാഷയെ ദുരുപയോഗിക്കുന്നു. ഇറാഖിന്റെയും സിറിയയുടെയും ഫലസ്തീനിന്റെയും കഥകള്‍ നാം കാണുന്നു. ഇന്ത്യയില്‍തന്നെ സാമ്രാജ്യത്വവും വര്‍ഗീയതയും ചേര്‍ന്ന് ഒരു വംശത്തെ മറ്റൊരു വംശത്തിനെതിരാക്കുന്നതിനായി നിഷ്‌ക്കളങ്കരായ ജനത്തെ കള്ളങ്ങള്‍ പറഞ്ഞും പ്രചരിപ്പിച്ചും വിശ്വസിപ്പിച്ച് വര്‍ഗീയ സംഘട്ടനങ്ങള്‍ സംഘടിപ്പിച്ചു. തീവ്രവാദികളും ഭീകരരും ഭാഷയില്‍ കള്ളങ്ങള്‍ പറഞ്ഞ് പഠിപ്പിച്ച് അനുയായികളെ നിലനിര്‍ത്തുന്നു. സാഹിത്യാദികലകളില്‍ നാം ഭാഷയെ മനുഷ്യ-പ്രകൃതി സ്‌നേഹത്തിന്റെ മാര്‍ഗത്തിലുപയോഗിക്കുമ്പോള്‍ തന്നെയാണ് ഈ ദുര്‍വിനിയോഗം പൊടിപൊടിക്കുന്നത്. മനുഷ്യനെ ഒറ്റഗോത്രമായി കണ്ട് സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഈ ഭാഷാസിദ്ധി മിക്കപ്പോഴും അതിന്റെ ശരിയായ ദിശവിട്ട് മനുഷ്യരാശിയെ അപകടത്തില്‍ പെടുത്തുന്നതും നാം കാണുന്നു.
കൈവേല മനുഷ്യനു മാത്രമായിട്ടുള്ള മറ്റൊരു സുപ്രധാനസിദ്ധിയാണ്. കൈവേലയിലെ വിരല്‍വഴക്കമാണ് ഏറ്റവും സവിശേഷമായിട്ടുള്ളത്. കുരങ്ങന്മാര്‍ക്കതുണ്ടെങ്കിലും മനുഷ്യന്റെ ബുദ്ധിപ്രഭാവത്തിന്റെ അഭാവം അതിനെ പരിമിതപ്പെടുത്തുന്നു. ഗോത്രനാട്ടു സംസ്‌കൃതികളില്‍ നാം നേടിയ നിലനില്‍പിന്റെ എല്ലാ വഴികളും ഈ കൈവേലയുടേതായിരുന്നു. പ്രകൃതിയെ നശിപ്പിക്കാതെ തന്നെ നമുക്കനുസരിച്ച് ഉപയോഗിച്ചത് പ്രധാനമായും കൈ കൊണ്ടുള്ള വേലകളായിരുന്നു. കാര്‍ഷികോപകരണങ്ങളും മീന്‍പിടുത്തം പോലുള്ള പെറുക്കലിന്റെ ഉപകരണങ്ങളും വട്ടികുട്ടകള്‍ പോലുള്ള വിഭവസൂക്ഷിപ്പുപകരണങ്ങളും പാര്‍പ്പിടവും നെയ്ത്തും അടുക്കളയുമെല്ലാം അതില്‍പെടുന്നു. ഭൗതികജീവിതത്തിലെ നിലനില്‍പിന്റെ മുഴുവന്‍ വഴികളും നമുക്ക് ചരിത്രത്തില്‍ സമ്മാനിക്കുന്നത് കൈവേലകളാണ്. അതിന്റെ വികാസമാണ് പില്‍ക്കാലത്തു നാം കാണുന്ന ആര്‍ഭാടത്തിനായയുള്ള എഞ്ചിനീയറിങ്. വ്യവസായവിപ്ലവത്തിനും ആഗോളവത്കരണത്തിനും വഴിവച്ച പ്രമുഖമായ മനുഷ്യസിദ്ധിയാണത്. അതിന്ന് ഭൂമിയെത്തന്നെ തകര്‍ക്കുന്ന വിധത്തില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചു. എന്നു പറഞ്ഞാല്‍ കൈവേലയുടെ വികാസമായ എല്ലാത്തരം എഞ്ചിനീയറിങുകളും മനുഷ്യനുതന്നെ എതിരായിത്തീരുന്ന നിലയിലേക്ക് മാറിയിരിക്കുന്നു. നമ്മുടെ അനന്തമായ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താനും സുഖഭോഗങ്ങളില്‍ രമിക്കാനുമായി ഉല്‍പന്നങ്ങളുണ്ടാക്കാന്‍ അത് പണിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ പ്രകൃതി വിഭവങ്ങളെ മുഴുവന്‍ വിനിയോഗിച്ച് തീര്‍ക്കുന്നു, മലിനമാക്കുന്നു. അങ്ങനെ നമ്മുടെ മാത്രം സിദ്ധികളിലൊന്നായ കൈവേലയുടെ ദുര്‍വിനിയോഗം നമ്മുടെ പ്രകൃതിയുടെ പച്ചയെ ഊറ്റിത്തീര്‍ത്തുകൊണ്ടിരിക്കുന്നു.
ഇപ്പറഞ്ഞതെല്ലാം ശാരീരികസിദ്ധികളാണെങ്കില്‍ മനുഷ്യന്റെ മാനസികമെന്നു പറയാവുന്നവ പ്രധാനമായും കലയും യുക്തിയുമാണ്. മനുഷ്യനു മാത്രമുള്ള സിദ്ധികളെന്ന നിലയില്‍ അടയാളപ്പെടുത്താവുന്നതില്‍ കലാബോധം സവിശേഷമാണ്. കലയും മതവും രണ്ടല്ലാത്ത അവസ്ഥയായിരുന്നു സംസ്‌കാരചരിത്രത്തിന്റെ പ്രാചീനദശകളില്‍. അനുഷ്ഠാനത്തിന്റെയും കലയുടെയും ആധാരം ഭാവന തന്നെ. നാഗരികതയില്‍ ഇവ രണ്ടായി വേര്‍പിരിയുകയായിരുന്നു. അനുഷ്ഠാനങ്ങളാണ് മതമായി പില്‍ക്കാലത്ത് വികസിച്ചത്. രക്ഷകയെ അല്ലെങ്കില്‍ രക്ഷകനെക്കുറിച്ചുള്ള സങ്കല്‍പമാണ് ആദിമതബോധത്തിന്റെ ആധാരം. പ്രകൃതിശക്തികളെ ആരാധിക്കുന്ന മനുഷ്യനെയാണ് നാമാദ്യം കാണുന്നത്. അതിന്റെ ഭാഗമായിട്ടാണ് മിത്തും കലയും രൂപ്പെടുന്നത്. മതബോധവും(മിത്തും) കലയും ഒന്നുചേരുന്ന അനുഷ്ഠാനകലകള്‍ (ഉദാ-തെയ്യം)ഇന്നും നിലനില്‍ക്കുന്നുണ്ട്. ഈ അനുഷ്ഠാനബോധത്തില്‍ നിന്ന് മനുഷ്യര്‍ക്ക് ആത്മീയമായ സുരക്ഷിതബോധം ലഭിക്കുന്നു. അതേസമയം അതില്‍ കലയുടെ നിയമങ്ങളും പ്രവര്‍ത്തിക്കുന്നു. യുക്തിയെ ആധാരമാക്കുന്ന പുരോഹിതരും സംഘടിതശക്തികളും സാധാരണക്കാരുടെ ഈ അനുഷ്ഠാനബോധത്തില്‍ ഇടപെട്ടുകൊണ്ട് അവരെ തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരാനുള്ള ആസൂത്രണങ്ങള്‍ നടത്തുമ്പോഴാണ് അപകടങ്ങള്‍
ഉണ്ടാകുന്നത്. പുരോഹിതരും ഫാസിസ്റ്റ്ബുദ്ധിശക്തികളും വളരെ യുക്തിപൂര്‍വം ഇവരെ വഴിതെറ്റിച്ച് തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുമ്പോള്‍ ഈ സിദ്ധി മനുഷ്യവിരുദ്ധവുംപ്രകൃതി വിരുദ്ധവുമാകുന്നു. മതബോധത്തിനു പുറകേ കലാബോധത്തെയും ഒരുപോലെ കോര്‍പറേറ്റുകളും ഫാസിസ്റ്റുകളും അവരുടെ ലക്ഷ്യപൂര്‍ത്തിക്കായി പ്രയോജനപ്പെടുത്തുന്ന അവസ്ഥ സംജാതമായിട്ടുണ്ട്.
മാനസികമെന്നു പറയാവുന്ന രണ്ടാമത്തെ ഘടകം യുക്തിയാണ്. ഗോത്രകാലങ്ങളിലെ അബോധാത്മകമായ യുക്തിയില്‍ നിന്ന് വ്യത്യസ്തമായി ബോധാത്മകമായ യുക്തിയെ വികസിപ്പിച്ചെടുത്തത് നാഗരികതകളാണ്. എഴുത്തും വായനയും അതിന്റെ ഉത്പന്നങ്ങളാണ്. സ്വതേ ഈ ബോധാത്മകയുക്തി ആസൂത്രിതമായി മനുഷ്യനെ പുനര്‍നിര്‍മിക്കുന്നു. മനുഷ്യസിദ്ധികളില്‍ ഏറ്റവും അപകടകാരി യുക്തിയാണ്. ഇരുതലമൂര്‍ച്ചയുള്ള അപകടപരമായ ഒരായുധമാണിത്. യുക്തി ഒരു വശത്ത് കേവലമനുഷ്യനിലേക്ക് മാത്രമായി നീളുമ്പോള്‍, അവിടെ പ്രൃതിയിലെ സന്തുലിതത്വം നഷ്ടപ്പെടുന്നു. യുക്തി വ്യക്തികളുടെ നേട്ടങ്ങള്‍ക്കായി പണിയെടുക്കുകയാണ് ഇന്ന് ചെയ്യുന്നത്. മുതലാളിത്തത്തില്‍ അതുമാത്രമേ സംഭവിക്കുകയുള്ളു. സോഷ്യലിസത്തില്‍ വ്യക്തിക്കു പകരം സമൂഹം മുഴുവനാകുന്നുവെന്നൊരു ഭേദമുണ്ട്. പക്ഷേ അവിടെയും സമൂഹം പ്രകൃതിയെ മറക്കുമ്പോള്‍ ദുരന്തമുണ്ടാകുന്നു. കാരണം പ്രകൃതിയുടെ ഭാഗമാണ് മനുഷ്യനെന്ന വാസ്തവം മറക്കുന്നത് എല്ലാ മാനവികവാദങ്ങളുടെയും പരിമിതിയാണ്. മനുഷ്യനെ മാത്രമായി കാണുന്ന മനുഷ്യന്റെ യുക്തിയാണ് പ്രശ്‌നം. യുക്തിക്ക് മനുഷ്യനെ പ്രകൃതിയോടു ചേര്‍ത്തുനിര്‍ത്തി രക്ഷിക്കാനും പ്രകൃതിയില്‍ നിന്ന് മാറ്റി നിര്‍ത്തി ശിക്ഷിക്കാനുമാകും. ദൗര്‍ഭാഗ്യവശാല്‍ രണ്ടാമത്തേതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മേല്‍ പറഞ്ഞ സിദ്ധികളെ മുഴുവന്‍ പ്രകൃതി വിരുദ്ധമാക്കുന്നത് ഈ മാനവികതയുടെ യുക്തിയാണെന്നും നാം മനസിലാക്കണം. അബോധാത്മകമായ യുക്തി പ്രകൃതിസന്തുലിതത്തെ പരിരക്ഷിച്ചുവെങ്കില്‍ ബോധാത്മകയുക്തി അതിനെ അവഗണിച്ചു. ഇവിടെയാണ് നമുക്ക് തിരുത്ത് വേണ്ടത്. ആ തിരുത്താണ് നാട്ടുപച്ചയുടെ ലക്ഷ്യവും മാര്‍ഗവും.
ഇവിടെ നാട്ടുപച്ചയുടെ ലക്കങ്ങള്‍ അവസാനിക്കുന്നു. നമ്മുടെ പ്രകൃതിയെ നാം തന്നെയാണ് ഇല്ലാതാക്കുന്നത്. വികസനസങ്കല്‍പമാണതിനു വഴിവച്ചത്. ഇനി സര്‍വോദയസങ്കല്‍പം കൊണ്ട് അതിനെ നാമോരോരുത്തരും വീണ്ടെടുക്കണം. മറ്റാരും നമ്മെ രക്ഷിക്കാന്‍ വരില്ല. നാം വരുത്തിവയ്ക്കുന്ന വിനകള്‍ക്ക് പ്രകൃതിയോ ദൈവമോ ഒരിക്കലും ഉത്തരവാദികളല്ല. അതുകൊണ്ട് നാം നമ്മുടെ നാട്ടുപച്ചയെ വീണ്ടെടുക്കാന്‍ തുടങ്ങണം. സര്‍വോദയം മനുഷ്യര്‍ക്ക് സുരക്ഷിതജീവിതവും കുറ്റബോധമില്ലാത്ത സുഖവും നല്‍കും. അതിനായി വികസനം ഇല്ലാതാക്കിയ കേരളത്തിലെ എല്ലാ മരങ്ങളെയും ചെടികളെയും പൂമ്പാറ്റകളെയും മണ്ണിരയെയും കിളികളെയും തവളയെയും ഉറുമ്പിനെയും പാമ്പിനെയും മുതലയെയും കുന്നുകളെയും മണ്ണിനെയും പുഴകളെയും കുളങ്ങളെയും പാടങ്ങളെയും മഴയെയും കായലുകളെയും പഴങ്ങളെയും ഇലകളെയും സ്‌നേഹത്തെയും കൂട്ടായ്മകളെയും നാട്ടറിവുകളെയും മാനുകളെയും നാടന്‍പാട്ടുകളെയും പഴഞ്ചൊല്ലുകളെയും കഥകളെയും നാട്ടുവൈദ്യത്തെയും നാട്ടുരുചികളെയും നാട്ടുപാനീയങ്ങളെയും മനുഷ്യത്വത്തെയും...അങ്ങനെ....അങ്ങനെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."