ക്വാറിയുടെ പ്രവര്‍ത്തനത്തിനായി ആദിവാസികളുടെ വഴിയടച്ചു
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കൊല്ലം കൊല്ലി ക്വാറിക്ക് ആദിവാസികളുപയോഗിക്കുന്ന റോഡ് തടസമാകുമെന്ന് കണ്ട് ക്വാറി മാഫിയ വഴിയടച്ചു. കൈതക്കല്‍ ഭാഗത്ത് നിരവധി ആദിവാസികള്‍ ആശ്രയിക്കുന്ന വാരിയോട് കൈതക്കല്‍ റോഡ് കരിങ്കല്‍ മതില്‍ നിര്‍മിച്ചാണ് തടസപ്പെടുത്തിയിരിക്കുന്നത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ആസ്തി റജിസ്റ്ററില്‍ ആറ് മീറ്റര്‍ വീതിയും മൂന്ന് കിലോമീറ്റര്‍ ദൂരവുമുള്ള റോഡാണിത്.
റോഡ് അടച്ചതോടെ ആദിവാസി കുടുംബങ്ങള്‍ ആദിവാസി വകുപ്പിനും ജില്ലാകലക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്. നൂറ് വര്‍ഷമായി ആദിവാസികള്‍ ഈ റോഡ് ഉപയോഗിക്കുന്നതായി പഞ്ചായത്ത് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. റോഡ് തടസപ്പെടുത്തിയ കൈതക്കല്‍ പാറക്ക് താഴെയുള്ള കൊല്ലംകൊല്ലി ഭാഗത്ത് മുപ്പത് ഏക്കറോളം ഭൂമിയില്‍ ആദിവാസികള്‍ കൃഷി ചെയ്യുന്നുണ്ട്.
ഔദ്യോഗിക രേഖകളില്‍ പൊതു റോഡാണെന്ന് വ്യക്തമാക്കുന്നുണ്ടങ്കിലും 2012 മുതല്‍ പട്ടയമുണ്ടന്നാണ് ക്വാറി മാഫിയയുടെ അവകാശവാദം.
എന്നാല്‍ 2010 ലെ രേഖകള്‍ പരിശോധിക്കുമ്പോഴും ഇത് പൊതു റോഡായാണ് കണക്കാക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ക്വാറി മാഫിയ റോഡിന് വ്യാജ പട്ടയം തരപ്പെടുത്തിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. റോഡില്‍ നിന്നും അന്‍പത് മീറ്റര്‍ അകലം പാലിച്ച് മാത്രമേ കരിങ്കല്‍ ഖനനം നടത്താന്‍ അനുമതിയുള്ളൂ എന്നതിനാല്‍ ഇതിനെ മറികടക്കാനാണ് നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡ് തടസപ്പെടുത്തിയിരിക്കുന്നത്.
റോഡ് തുറന്നുതരണമെന്ന് ആവശ്യപ്പെട്ട് ആദിവാസി കുടുംബങ്ങള്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലും അരീക്കോട് പൊലിസ് സ്‌റ്റേഷനിലും പരാതി നല്‍കിയിരുന്നങ്കിലും നടപടിയില്ലാതായതോടെയാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്. കരിങ്കല്‍ മതില്‍ നിര്‍മിച്ച് റോഡ് തടസപ്പെടുത്തിയതിന് പുറമെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വലിയ കിടങ്ങ് നിര്‍മിച്ചതോടെ ആദിവാസി കുടുംബങ്ങള്‍ക്ക് വലിയ പ്രയാസമാണ് നേരിടേണ്ടി വരുന്നത്.
ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് വികസന സ്ഥിരം സമിതിയധ്യക്ഷനായ ചീരാന്‍തൊടി മസൂദിന്റെ നേതൃത്വത്തിലാണ് കൊല്ലംകൊല്ലിയില്‍ കരിങ്കല്‍ ഖനനം നടക്കുന്നത്. ഭരണ സംവിധാനങ്ങളെ വികസന സ്ഥിരം സമിതിയധ്യക്ഷന്‍ ദുരുപയോഗം ചെയ്ത് ലാഭം കൊയ്യുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."