പരീക്ഷാഫലത്തിന് കാത്തുനില്‍ക്കാതെ ഫൗസാന്‍ യാത്രയായി
അരീക്കോട്: പരീക്ഷാഫലത്തിന് കാത്തുനില്‍ക്കാതെ ഫൗസാന്‍ യാത്രയായി. കളിചിരിയും കുസൃതിയുമായി കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും രസാസ്വാദനത്തിന്റെ വിരുന്നൊരുക്കിയ ഫൗസാന്‍ ഇനിയില്ല. എല്ലാവരേയും ദുഃഖത്തിലാഴ്ത്തി അവന്‍ അവസാന പരീക്ഷയും എഴുതി യാത്ര പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചക്ക് മൂര്‍ക്കനാട് വില്ലേജ് ഓഫിസ് പരിസരത്തുണ്ടായ അപകടത്തിലാണ് മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കനന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിയായ ഈസ്റ്റ് വടക്കുമുറി കുളത്തിങ്ങല്‍ മീമ്പറ്റ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ ഫൗസാന്‍ (15) മരിച്ചത്. തെരട്ടമ്മലില്‍നിന്ന് മൂര്‍ക്കനാട് ഭാഗത്തേക്ക് ബൈക്കില്‍ യാത്ര ചെയ്യവെ കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നിതിനിടയില്‍ എതിരെ വന്ന ടിപ്പര്‍ ലോറിയില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഫൗസാന്റെ ദേഹത്ത് കൂടെ മറ്റൊരു ടിപ്പര്‍ ലോറി കയറിയാണ് ദാരുണാന്ത്യം സംഭവിച്ചത്.
പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായിരുന്ന ഫൗസാന്‍ അല്‍പനേരം കൊണ്ട് ചെറുപുഞ്ചിരിയുമായി ക്ഷമാപണം നടത്താന്‍ ഓടിയെത്തുമായിരുന്നുവെന്ന് മുര്‍ക്കനാട് സ്‌കൂളിലെ അധ്യാപകര്‍ പറയുന്നു. അതുകൊണ്ട് തന്നെയാവും അവന് ഒരേ സമയം കലഹിക്കാനും സ്‌നേഹിക്കാനും കഴിഞ്ഞത്. കൂട്ടുകാര്‍ക്ക് ചെറിയൊരു പ്രയാസം വരുന്നത് പോലും അവന് സഹിക്കുമായിരുന്നില്ല. കൂട്ടുകാരെ രക്ഷിക്കാനായി അവരുടെ തെറ്റുകള്‍ സ്വയം ഫൗസാന്‍ ഏറ്റെടുക്കുകയായിരുന്നു പതിവ്.
പത്താം ക്ലാസില്‍ മികച്ച പഠന നിലവാരം പുലര്‍ത്തിയിരുന്ന ഫൗസാന്‍ അടുത്ത മാസം ഫലം പ്രസിദ്ധീകരിക്കുന്നതും കാത്തിരിക്കുകയായിരുന്നു. മരണവാര്‍ത്തയറിഞ്ഞതോടെ നാടിനും നാട്ടുകാര്‍ക്കുമൊപ്പം മൂര്‍ക്കനാട് സ്‌കൂളിന്റെ അകത്തളവും കണ്ണീര്‍ വാര്‍ത്തു. ഫൗസാന്റെ വേര്‍പാട് താങ്ങാനാവാതെ വിങ്ങിപ്പൊട്ടുകയാണ് ഫൗസാന്റെ പ്രിയ കൂട്ടുകാര്‍. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഫൗസാന്റെ മയ്യിത്ത് വടക്കുമുറി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."