'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ
ന്യൂഡല്‍ഹി: രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടിയില്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്ന് ആവര്‍ത്തിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ. സ്വകാര്യ ചാനലിനോടാണ് പ്രതികരണം.
'മദ്രസകള്‍ പൂട്ടണമെന്ന റിപ്പോര്‍ട്ട് തയാറാക്കിയത് ഒമ്പത് വര്‍ഷത്തെ പഠനത്തിന് ശേഷമാണ്. ആയിരക്കണക്കിന് രേഖകള്‍ പരിശോധിക്കുകയും നിരവധി കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു. മദ്രസകളിലേക്ക് നല്‍കുന്ന ധനസഹായം നിര്‍ത്തലാക്കണം. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍തന്നെ സ്‌കൂളുകളിലേക്ക് മാറണം' കാന്‍ഗോ പറഞ്ഞു. കേരളത്തിനെതിരേയും കാന്‍ഗോ പ്രതികരിച്ചു. കേരളം മദ്രസകള്‍ക്ക് സഹായം നല്‍കുന്നില്ലെന്നാണ് പറഞ്ഞത്. അത് തെറ്റായ വിവരമാണെന്നും കാന്‍ഗോ പറഞ്ഞു.
മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് നിര്‍ദേശിച്ച് കഴിഞ്ഞദിവസം ഇദ്ദേഹം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശമുണ്ട്.
മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്. എന്‍.സി.പി.സി.ആര്‍ തയാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിക്കുന്നു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യുപി, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മദ്രസകള്‍ക്കെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലും അനാഥലയങ്ങളിലും റെയ്ഡ് നടത്തി കുപ്രസിദ്ധി നേടിയയാളാണ് പ്രിയങ്ക് കാന്‍ഗോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."