പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍
ഗസ്സ/ബെയ്‌റൂത്ത്: ബോംബ് വര്‍ഷിച്ച് കൊന്നു മതിവരാതെ പട്ടിണിക്കിട്ടും മനുഷ്യരെ കൊന്നൊടുക്കി ഇസ്‌റാഈല്‍. വടക്കന്‍ ഗസ്സയില്‍ കഴിഞ്ഞ എട്ടുദിവസമായി ഇസ്‌റാഈല്‍ തുടരുന്ന ഉപരോധത്തില്‍ 200 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിശന്നു മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പെടുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. ജനങ്ങളെ പൂര്‍ണമായും വടക്കന്‍ ഗസ്സയില്‍നിന്ന് പുറന്തള്ളുകയെന്ന പദ്ധതിയുടെ ഭാഗമാണ് പുതിയ ഉപരോധം.
സിവിലിയന്‍ കുരുതി ഒഴിവാക്കണമെന്ന യു.എന്നിന്റെയും ലോകരാജ്യങ്ങളുടേയും ആഹ്വാനം തള്ളിയാണ് ഇസ്‌റാഈലിന്റെ നരനായാട്ട്. ഉപരോധത്തോടൊപ്പം വ്യാപക ആക്രമണവും തുടരുകയാണ് ഇസ്‌റാഈല്‍. വടക്കന്‍ ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ മാത്രം 30 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തേക്ക് വരുന്നതില്‍നിന്ന് ആംബുലന്‍സുകളെയും മറ്റും സൈന്യം വിലക്കി.
അതേസമയം, ഇസ്‌റാഈലിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് തുടരുമെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാന്‍ പ്രതികരിച്ചു.
ഇതുകൂടാതെ, ദക്ഷിണ ലബനാനിലും ബെയ്‌റൂത്തിലും ഇസ്‌റാഈല്‍ നിരവധി ആക്രമണങ്ങള്‍ നടത്തി. അതേസമയം, രണ്ടാഴ്ച പിന്നിട്ടിട്ടും ഇസ്‌റാഈല്‍ കരസേനയ്ക്ക് ലബനാനില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് ഇസ്‌റാഈലിന് തിരിച്ചടിയാണ്. ഹിസ്ബുല്ലയുടെ ശക്തമായ പ്രതിരോധമാണ് കാരണം. സൈനിക മുന്നേറ്റം പരാജയപ്പെട്ടതിന്റെ നിരാശയാണ് സിവിലിയന്‍ കുരുതിക്ക് ഇസ്‌റാഈലിനെ പേരിപ്പിക്കുന്നതെന്ന് ഹിസ്ബുല്ല കുറ്റപ്പെടുത്തി.
അതിനിടെ പൊരുതുന്ന ലബനാന് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖലിബാഫ് വിമാനമാര്‍ഗം ബെയ്‌റൂത്തില്‍ എത്തി. ബെയ്‌റൂത്തിലേക്ക് ഇറാന്‍ വക ഒരു വിമാനവും അനുവദിക്കില്ലെന്ന ഇസ്‌റാഈല്‍ ഭീഷണി മറികടന്നാണ് സ്പീക്കറുടെ സന്ദര്‍ശനം. ഹിസ്ബുല്ല നേതാക്കളുമായുള്‍പ്പെടെ ഇറാന്‍ സ്പീക്കര്‍ ചര്‍ച്ച നടത്തി. പ്രതിസന്ധിഘട്ടത്തില്‍ ലബനാന്‍ ജനതക്കൊപ്പം നിലയുറപ്പിക്കുമെന്ന് ഇറാന്‍ സ്പീക്കര്‍ വീണ്ടും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."