ആഭ്യന്തര പരിശോധന കാര്യക്ഷമമല്ലെന്ന് ധനവകുപ്പ്
മലപ്പുറം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ആഭ്യന്തര പരിശോധനാ സംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനവകുപ്പ് സര്‍ക്കുലര്‍. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനു ലഭിക്കുന്ന ആഭ്യന്തര പരിശോധനാ റിപ്പോര്‍ട്ടുകളും തുടര്‍ന്നുള്ള ന്യൂനത പരിഹാര റിപ്പോര്‍ട്ടുകളും കൃത്യമായ മാനദണ്ഡം പാലിക്കാതെയാണ് നല്‍കുന്നതെന്നാണ് ധനവകുപ്പിന്റെ ആക്ഷേപം.
വകുപ്പ് മേധാവികള്‍ അവരുടെ കീഴിലുള്ള ഓഫിസുകളിലെ പരിശോധനാ റിപ്പോര്‍ട്ടുകളും ന്യൂനത പരിഹാര റിപ്പോര്‍ട്ടുകളും ധനവകുപ്പിന്റെ ആഭ്യന്തര പരിശോധനാ വിഭാഗത്തിന് കൈമാറണമെന്നാണ് ചട്ടം. സാമ്പത്തിക ക്രമക്കേടുകള്‍ അടക്കമുള്ള വിഷയങ്ങള്‍ വിശദമായി പരിശോധിച്ച് സമയബന്ധിതമായി നടപടിയെടുക്കണമെന്നാണ് നിയമം.
എന്നാല്‍, സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയ സംഭവങ്ങളില്‍പോലും അനാവശ്യ കാലതാമസമാണ് ഉണ്ടാകുന്നത്.
ഇതുമൂലം ഭീമമായ സാമ്പത്തിക നഷ്ടം സര്‍ക്കാരിന് ഉണ്ടാകുന്നതായി ധനവകുപ്പ് കുറ്റപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകളിലെ ആഭ്യന്തര പരിശോധനാ സംവിധാനം കാര്യക്ഷമമാക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ധനവകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കി.
വകുപ്പ് മേധാവിയോ അദ്ദേഹം നിര്‍ദേശിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനോ അധ്യക്ഷനായി ഓഡിറ്റ് മോണിറ്ററിങ് കമ്മിറ്റി ജൂണ്‍ 30നകം രൂപീകരിക്കണമെന്നാണ് സര്‍ക്കുലറിലെ പ്രധാന നിര്‍ദേശം. ജൂലൈ ഒന്നുമുതല്‍ മൂന്നുമാസത്തിലൊരിക്കല്‍ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ധനവകുപ്പിന് കൈമാറണം. വകുപ്പുകളില്‍ സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട് പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ തലവനായി ആഭ്യന്തര പരിശോധനാ സംഘവും രൂപീകരിക്കണം.
പി.എസ്.സി നടത്തുന്ന അക്കൗണ്ട് ടെസ്റ്റുകളും വകുപ്പുതല ടെസ്റ്റുകളും വിജയിച്ചവരെ മാത്രമേ ഓഡിറ്റ് ടീമില്‍ ഉള്‍പ്പെടുത്താവൂ. ഓഡിറ്റ് സംഘങ്ങള്‍ രൂപീകരിക്കാത്ത നിരവധി വകുപ്പുകള്‍ സംസ്ഥാനത്തുണ്ട്. ഇത്തരം വകുപ്പുകള്‍ സംഘത്തെ രൂപീകരിച്ച് ജൂലൈ 31നകം ധനവകുപ്പിനെ അറിയിക്കണം. നിലവില്‍ ആഭ്യന്തര പരിശോധന സംഘമുള്ള വകുപ്പുകള്‍ മാനദണ്ഡപ്രകാരം നിശ്ചിത തിയതിക്കകം സംഘത്തെ പുനഃക്രമീകരിക്കണം. ഓഡിറ്റുകള്‍ 2019 ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണം. എല്ലാ ഔദ്യോഗിക രേഖകളും പരിശോധിച്ചുമാത്രമേ റിപ്പോര്‍ട്ടുകള്‍ തയാറാക്കാവൂ. കുറഞ്ഞത് 20 ശതമാനം കേസുകളിലെങ്കിലും ഫീല്‍ഡ്തല ഭൗതിക പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കൃത്യമായ വിവരങ്ങളില്ലാതെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയാറാക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകും. ഗുരുതര വീഴ്ചകള്‍, സാമ്പത്തിക ക്രമക്കേട്, ചട്ടലംഘനം എന്നിവ കണ്ടെത്തിയാല്‍ തുടര്‍നടപടിയെടുക്കുന്നതിനായി പരമാവധി നേരത്തേ സര്‍ക്കാരിനെ അറിയിക്കണമെന്നും സര്‍ക്കുലറിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."