പൊലിസ് നടപടി പ്രതിഷേധാര്‍ഹം: കെ.പി.എ മജീദ്
മലപ്പുറം: കത്‌വ സംഭവത്തെ തുടര്‍ന്നുണ്ടായ ഹര്‍ത്താല്‍ ചിലരുടെ ആസൂത്രണത്തിലൂടെ രൂപപ്പെട്ടതാണെന്നും ഇതുവഴി നിരപരാധികളെ വേട്ടയാടുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ ഉചിതമായ നടപടിയെടുക്കണം. ഈ ആവശ്യം ഉന്നയിച്ച് മുസ്‌ലിംലീഗ് നേരത്തെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയകലാപമുണ്ടാക്കാനായിരുന്നു ആര്‍.എസ്.എസ്-ബി.ജെ.പി കേന്ദ്രങ്ങളുടെ ലക്ഷ്യം. താനൂരില്‍ പ്രത്യേക മതവിഭാഗത്തിന്റെ കടകള്‍ അക്രമിച്ചു എന്ന രീതിയില്‍ മന്ത്രി കെ.ടി ജലീലില്‍ നടത്തിയ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. മലപ്പുറത്തിന്റെ മതസൗഹാര്‍ദ പെരുമയെ അപമാനിക്കുകയാണ് പ്രസ്താവനകൊണ്ട് ജലീല്‍ ലക്ഷ്യമിട്ടത്.
ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച സംഘടനകളുടെ നേരെയും പോക്‌സോ ചുമത്താനും സി.പി.എം ഭരണകൂടം ശ്രമം നടത്തുന്നുണ്ട്. അത്തരത്തില്‍ കേസ് എടുക്കുകയാണെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലാണെന്നും കെ.പി.എ മജീദ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."