തീരദേശത്ത് കടലേറ്റം ശക്തമാകുന്നു
തുറവൂര്‍: കടലേറ്റം ശക്തമായതിനെ തുടര്‍ന്നു അന്ധകാരനഴി മുതല്‍ പള്ളിത്തോട് ചാപ്പക്കടവ് വരെയുള്ള തീരദേശത്ത് ജനങ്ങള്‍ ആശങ്കയിലാണ്. ശക്തമായ തിരമാലകളാണ് തീരത്തേക്ക് അടിച്ചു കയറുന്നത്. കടല്‍ ഭിത്തികള്‍ ഇടിഞ്ഞുതാഴ്ന്നതും തകര്‍ന്നതുമാണ് തിരമാലകള്‍ തീരത്തേക്ക് അടിച്ചു കയറാന്‍ കാരണം.
തുറവൂര്‍, കുത്തിയതോട് പഞ്ചായത്തുകളുടെ തീരദേശപ്രദേശത്ത് ജനങ്ങള്‍ സ്ഥാപിച്ച മണല്‍ചിറയും തകര്‍ന്നു. ഓഖി ദുരന്തത്തിന്റെ ഭീതി വിട്ടുമാറും മുമ്പേയുണ്ടായ കടല്‍ ക്ഷോഭം തീരദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. പലരും വീട് വിട്ട് ബന്ധുവീടുകളിലേക്കു താമസം മാറി. സുരക്ഷിതമായി അന്തിയുറങ്ങാനെങ്കിലും സുരക്ഷിതമായ ക്യാമ്പുകള്‍ തുറക്കണമെന്നാവശ്യം ശക്തമായി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അന്ധകാരനഴി ,പള്ളിത്തോട്, ചാപ്പക്കടവ് എന്നിവിടങ്ങളിലെ നിരവധി വീടുകളുടെ മുറ്റത്ത് വെള്ളം നിറഞ്ഞു കെട്ടിക്കിടക്കുകയാണ്. കടല്‍ ശക്തി പ്രാപിച്ചാല്‍ വരും ദിവസങ്ങളില്‍ വീടുകള്‍ക്ക് കൂടുതല്‍ നാശം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്. വിവരമറിഞ്ഞ് കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമരാജപ്പന്‍ , തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത സോമന്‍ എന്നിവര്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."