കടല്‍ക്ഷോഭത്തില്‍ തീരദേശ പൊലിസ് സ്റ്റേഷന്റെ ബോട്ടുജെട്ടി തകര്‍ന്നു
നീലേശ്വരം: കഴിഞ്ഞദിവസമുണ്ടായ രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ മുങ്ങിയ അഴിത്തലയിലെ തൃക്കരിപ്പൂര്‍ തീരദേശ പൊലിസ് സ്റ്റേഷന്റെ ബോട്ടുജെട്ടി ഭാഗികമായി തകര്‍ന്നു. കരയില്‍നിന്ന് ബോട്ടുജെട്ടിയിലേക്കു കയറാനായി നിര്‍മിച്ച സ്ലാബാണ് തകര്‍ന്നു താഴ്ന്നത്. ആവശ്യമായ കോണ്‍ക്രീറ്റ് അടിത്തറ നിര്‍മിക്കാതെ കരിങ്കല്ലുകള്‍ ഉപയോഗിച്ചുണ്ടാക്കിയ കടല്‍ഭിത്തിയുടെ മുകളില്‍ സ്ലാബ് സ്ഥാപിച്ചതാണ് തകര്‍ച്ചക്ക് കാരണം. നിര്‍മാണ സമയത്ത് തന്നെ അതിലെ അപാകത നാട്ടുകാര്‍ ചൂണ്ടിക്കാട്ടുകയും ബോട്ടുജെട്ടി ഉയര്‍ത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ എന്‍ജിനീയറുടെ നിര്‍ദേശപ്രകാരം താഴ്ത്തി നിര്‍മിക്കുകയായിരുന്നു.
കടലേറ്റത്തില്‍ ഭാഗികമായി തകര്‍ന്ന ബോട്ടുജെട്ടിയും കടലേറ്റമുണ്ടായ അഴിത്തല, തൈക്കടപ്പുറം പ്രദേശങ്ങളും നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. ബോട്ടുജെട്ടി തകര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ തീരദേശ പൊലിസ് സ്റ്റേഷനില്‍ അവലോകന യോഗവും നടന്നു. നഗരസഭാ ചെയര്‍മാനെ കൂടാതെ ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ് റാഫി, തഹസില്‍ദാര്‍ എസ്. ശശിധരന്‍ പിള്ള, നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്ണന്‍, തീരദേശ പൊലിസ് സ്റ്റേഷന്‍ എസ്.ഐ കെ. സുരേശന്‍, എ.എസ്.ഐ പി.വി സതീശന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."