'ഹരിത'യില്‍ വിഭാഗീയത: സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കി
മലപ്പുറം: രൂക്ഷമായ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ എം.എസ്.എഫിന്റെ വിദ്യാര്‍ഥിനി വിഭാഗമായ ഹരിതയുടെ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നിയെ സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലയില്‍ ഹരിതയുടെ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള വിഭാഗീയതയെ തുടര്‍ന്നാണ ്‌നടപടി.
പുതുതായി രൂപീകരിച്ച ഹരിത കൊല്ലം ജില്ലാ കമ്മിറ്റിയുമായി ബന്ധമില്ലെന്നും കമ്മിറ്റി രൂപീകരണം സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയല്ലെന്നും മുഫീദ തസ്‌നി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.
സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സാമൂഹിക മാധ്യമങ്ങളിലൂടെ കാര്യങ്ങള്‍ വെളിപ്പെടുത്തിയതിനാണ് ഹരിത പ്രസിഡന്റിനെതിരേ നടപടിയെടുത്തതെന്നും കൊല്ലത്ത് ഇന്ന് എം.എസ്.എഫ് പ്രത്യേക യോഗം ചേരുമെന്നും എം.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി കെ.കെ നവാസ് പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയുടെ അനുമതിയില്ലാതെ കമ്മിറ്റി രൂപീകരണത്തിന് അനുമതി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി എം.എസ്.എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് അംജദിനെയും സസ്‌പെന്‍ഡ് ചെയ്തു. അതേസമയം, ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് അംജദിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് എം.എസ്.എഫില്‍ കൂട്ടരാജിയും തുടങ്ങി.
കൊല്ലം ജില്ലാ ഹരിതയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സന മെഹ്‌റിനും മുഫീദ തസ്‌നിയുമായുള്ള അഭിപ്രായവ്യത്യാസമാണ് പുതിയ പ്രശ്‌നത്തിനിടയായത്. സംഭവം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചെങ്കിലും കൊല്ലത്തെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുടര്‍ന്ന് മുഫീദയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
എന്നാല്‍, കൊല്ലം ജില്ലാ എം.എസ്.എഫ് പ്രസിഡന്റിനെ കൂടി സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചു ജില്ലാ സെക്രട്ടറിയും രാജിവച്ചു. ഇതിനുപിന്നാലെ ഇരവിപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിടുകയും കരുനാഗപ്പള്ളി, പത്തനാപുരം മണ്ഡലം പ്രസിഡന്റുമാരും കുന്നത്തൂര്‍ മണ്ഡലം ട്രഷററും രാജിവയ്ക്കുകയും ചെയ്തു.
ഹരിത കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുന്‍പും എം.എസ്.എഫിന് തലവേദനയായിരുന്നു. ഫാറൂഖ് കോളജ് അധ്യാപകന്റെ വിഷയവുമായി ബന്ധപ്പെട്ടു ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റും ഹരിതയുടെ ചുമതലയുള്ള എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റുമായ ഫാത്തിമ തഹ്‌ലിയയെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തിരുന്നു. വനിതാ ലീഗ് നിലനില്‍ക്കെ 'ഹരിത' സംഘടന രൂപീകരിച്ചതില്‍ വനിതാലീഗിനു നേരത്തെ തന്നെ അമര്‍ഷമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."