മുഖ്യമന്ത്രിയായി യദ്യൂരപ്പ അധികാരത്തിലിരിക്കില്ലെന്ന് പ്രകാശ് രാജ്
ഉഡുപ്പി: കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാലും ബി.എസ് യദ്യൂരപ്പ മൂന്ന് മാസത്തിലധികം മുഖ്യമന്ത്രി കസേരയില്‍ ഇരിക്കില്ലെന്ന് നടനും ബി.ജെ.പിയുടെ കടുത്ത വിമര്‍ശകനുമായ പ്രകാശ് രാജ്.
രാജ്യത്തെ ഹിന്ദുക്കള്‍ക്കെതിരായി താന്‍ ഇതുവരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. ജനങ്ങള്‍ തമ്മില്‍ സാഹോദര്യത്തോടെ കഴിയണമെന്നുമാത്രമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം ഉഡുപ്പിയില്‍ പറഞ്ഞു. ഹിന്ദുമതത്തിനെ മൊത്തമായി കരാറെടുക്കാന്‍ ബി.ജെ.പിക്കാര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും പ്രകാശ് രാജ് ചോദിച്ചു. ബി.ജെ.പികാര്‍ രാജ്യവ്യാപകമായി വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സമാധാനത്തോടെ ജനാധിപത്യ സംവിധാനം വിനിയോഗിക്കാന്‍ ഒരിക്കല്‍പോലും ബി.ജെ.പി തയാറല്ല.
ത്രിപുരയില്‍ ഇടതുപരാജയത്തിന് പിന്നാലെ അവിടെ ബി.ജെ.പി നടത്തിയ അക്രമം ജനങ്ങളെല്ലാം കണ്ടതാണ്. സമാനരീതിയില്‍ ഉത്തര്‍പ്രദേശിലും ബി.ജെ.പി നടത്തിയിരുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഘടിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
താന്‍ ഒരിക്കലും ഹിന്ദു വിരുദ്ധനല്ല. എന്നാല്‍ ചിലരുടെ താല്പര്യത്തിനായി താന്‍ നില്ക്കുന്നില്ല എന്നതുകൊണ്ടാണ് തന്നെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. ജനങ്ങളെ മുന്നോട്ടുനയിക്കാനുള്ള ചാലക ശക്തിയാണ് മതം. അതൊരിക്കലും സാമൂഹിക അനൈക്യം ഉണ്ടാക്കാന്‍ പ്രേരിപ്പിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."