അല്‍ ബതീഷിന്റെ കൊല: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു
ക്വലാലംപൂര്‍: ഫലസ്തീന്‍ പണ്ഡിതനും ഹമാസ് അംഗവുമായ ഫദി അല്‍ ബതീഷിനെ കൊലപ്പെടുത്തിയതില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങള്‍ മലേഷ്യന്‍ പൊലിസ് പുറത്തുവിട്ടു. പ്രതികളെ പിടികൂടാന്‍ പൊതുജനം സഹായിക്കണമെന്നും ഇവര്‍ ഇപ്പോഴും രാജ്യത്തുണ്ടെന്നും മലേഷ്യന്‍ പൊലിസ് തലവന്‍ മുഹമ്മദ് ഫുസി ബിന്‍ ഹാറൂന്‍ പറഞ്ഞു.
അക്രമികള്‍ ഉപയോഗിച്ച മോട്ടോര്‍ ബൈക്കിന്റെ രേഖകളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. ജനുവരിയിലാണ് അക്രമികള്‍ രാജ്യത്തേക്ക് പ്രവേശിച്ചതെന്ന് മുഹമ്മദ് ഫുസി ബിന്‍ ഹാറൂന്‍ പറഞ്ഞു. കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള പ്രതികളുടെ ഗ്രാഫിക് ചിത്രങ്ങള്‍ പൊലിസ് നേരത്തെ പുറത്തുവിട്ടിരുന്നു. അക്രമികള്‍ യൂറോപ്പ്, പശ്ചിമേഷ്യ രാജ്യങ്ങളിലുള്ളതാവാമെന്നാണ് കരുതുന്നത്.
കൊലപാതകത്തിന് പിന്നില്‍ ഇസ്‌റാഈലിന്റെ മൊസാദാണെന്നാണ് ആരോപണം. അതിനിടെ ഫദി അല്‍ ബതീഷിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം മലേഷ്യയില്‍ നിന്ന് ഗസ്സയിലെത്തിച്ച് ബുധനാഴ്ച ഖബറടക്കും.
മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ ശനിയാഴ്ചയാണ് അല്‍ ബതീഷിനെ അജ്ഞാതര്‍ വെടിവച്ച് കൊന്നത്. പുലര്‍ച്ചെ പള്ളിയിലേക്ക് നമസ്‌കാരത്തിന് പോകുന്നതിനിടെയാണ് രണ്ടുപേര്‍ മോട്ടോര്‍ ബൈക്കിലെത്തി വെടിവച്ചത്.
സെതാപാക് മേഖലയിലെ പള്ളി ഇമാമായ ബതീഷിനെതിരേ ഇസ്‌റാഈലിന്റെ വധഭീഷണിയുണ്ടായിരുന്നുവെന്ന് പിതാവ് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."