റേഡിയോ ജോക്കി വധം: പ്രതികളെ മടവൂരിലെത്തിച്ച് തെളിവെടുത്തു
കിളിമാനൂര്‍: മുന്‍ റേഡിയോ ജോക്കി മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷ് (34) നെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിലെ മൂന്ന് പ്രതികളെ മടവൂരിലെത്തിച്ച് തെളിവെടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി മുഹമ്മദ് സാലിഹ് (ഓച്ചിറ സാലി) മൂന്നാം പ്രതി അപ്പുണ്ണി നാലാം പ്രതി തന്‍സീര്‍ എന്നിവരെയാണ് ബുധനാഴ്ച രാവിലെ 11ന് മുഖം മറക്കാതെ തെളിവെടുപ്പിന് എത്തിച്ചത്.
രാജേഷിന്റെ ഉടമസ്ഥയിലുള്ള മെട്രോസ് മീഡിയാസ് സ്റ്റുഡിയോക്കുളളില്‍ വെച്ച് കൊലപ്പെടുത്തിയ രീതി പ്രതികള്‍ പൊലിസിന് വിവരിച്ചു കൊടുത്തു. പൊലിസിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും അക്ഷോഭ്യരായി പ്രതികള്‍ മറുപടി നല്കി. ഏതാണ്ട് 15 മിനിട്ടോളം തെളിവെടുപ്പ് നടന്നു.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സാലിഹ്, തന്‍സീര്‍ എന്നിവരെ വൈദ്യ പരിശോധനക്ക് വിധേയരാക്കിയതിന് ശേഷം വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ ആറ്റിങ്ങല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി ശേഷിക്കുന്ന അപ്പുണ്ണിയെ വ്യാഴാഴ്ച തെളിവെടുപ്പിനായി ബെംഗലൂരുവിലേക്ക് കൊണ്ടു പോകും.
കേസിലെ ഒന്നാം പ്രതി ഖത്തര്‍ വ്യവസായി സത്താറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന പൊലിസ് പറഞ്ഞു. നാലര കോടി ഇന്ത്യന്‍ രൂപക്ക് തുല്യമായ ചെക്ക് കേസ് ഖത്തറില്‍ നിലനില്‍ക്കുന്നതിനാല്‍ ഇയാളെ ഇതുവരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല . ഇയാള്‍ക്കായി ഇന്റര്‍പോള്‍ മുഖാന്തരം റെഡ് കോര്‍ണര്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
സാമ്പത്തിക കുറ്റകൃത്യത്തെക്കാള്‍ വലിയ കൊലക്കേസ് പ്രതിയായ സത്താറിനെ ഉടന്‍ നാട്ടിലേക്ക് കയറ്റി വിടണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണയും കേരളാ പൊലിസ് ചീഫ് ലോകനാഥ് ബെഹ്റ ഖത്തര്‍ പൊലിസിന് സന്ദേശം കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."