ഭര്‍തൃഗൃഹത്തില്‍ നവവധുവിന്റെ മരണം; സ്ത്രീധന പീഡനം മൂലമെന്ന്
കൊല്ലം: നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവം ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടേയും സ്ത്രീധന പീഡനത്തെത്തുടര്‍ന്നാണെന്ന് ബന്ധുക്കള്‍. പ്രതികള്‍ക്കതിരേ നടപടിയെടുക്കാത്തതിനെതിരേ സഹോദരി കൊട്ടാരക്കര റൂറല്‍ എസ്.പിക്ക് പരാതി നല്‍കി.
ഇളമ്പള്ളൂര്‍ പെരുമ്പുഴത്താഴത്ത് വഞ്ചിമുക്ക് കോട്ടൂര്‍ വീട്ടില്‍ പരേതനായ പുഷ്പധരന്റെയും ലീബയുടെയും മകള്‍ എല്‍. അമ്മു(21)വിനെയാണ് ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് 21നായിരുന്നു സംഭവം.
ഭര്‍ത്താവും ബന്ധുക്കളും കൂടുതല്‍ പണം ആവശ്യപ്പെട്ട് അമ്മുവിനെ നിരന്തരം പീഡിപിച്ചിരുന്നതായും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സഹോദരി എല്‍. മാളു, അമ്മ ലീബാകുമാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സ്ത്രീധനമായി 44 പവന്റെ ആഭരണവും 50,000 രൂപയും നല്‍കി. ആഭരണം കുറഞ്ഞുപോയെന്നും കാര്‍ നല്‍കിയില്ലെന്നും പറഞ്ഞ് വിവാഹശേഷം ഒരാഴ്ചയ്ക്കുള്ളില്‍ ഭര്‍ത്താവ് സജിത്തും അമ്മ രെജിയും ബന്ധുക്കളും ശാരീരികവും മാനസികവുമായ പീഡനം തുടങ്ങി.
ആറുലക്ഷം കൂടി നല്‍കണമെന്നായിരുന്നു ആവശ്യം. ബന്ധുക്കളെ കാണുന്നതും ഫോണില്‍ സംസാരിക്കുന്നതും വിലക്കി.
ബന്ധുക്കള്‍ എത്തുമ്പോള്‍ മൃതദേഹം കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു. മരണം നടന്ന് 35 ദിവസമായിട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ ഇടപെടലാണ് അന്വേഷണം മരവിപ്പിച്ചത്.
ലോക്കല്‍ പൊലിസില്‍നിന്ന് നീതി ലഭിക്കാത്തുകൊണ്ടാണ് റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയെതെന്നും മാളു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ബന്ധുക്കളായ സുദര്‍ശന ബാബു, അനിത അജിത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."