പ്രായം 73 ജൈവപച്ചക്കറിയില്‍ നേട്ടംകൊയ്ത് ബാലചന്ദ്രന്‍
കോടഞ്ചേരി: പ്രായത്തിന്റെ അവശതകളെ അവഗണിച്ച് മണ്ണില്‍ ജീവിതത്തിന്റെ പച്ചപ്പ് നിലനിര്‍ത്തുകയാണ് നൂറാംതോട് ചെമ്മാങ്കോട്ട് ബാലചന്ദ്രന്‍. പതിനാറാം വയസില്‍ പാടത്തേക്കിറങ്ങിയ അന്നത്തെ ആവേശം ചോരാതെ ഇന്ന് എഴുപത്തിമൂന്ന് പിന്നിടുമ്പോഴും ഇദ്ദേഹത്തിലുണ്ട്. ചെമ്പിലി വയലില്‍ പാട്ടത്തിനെടുത്ത മൂന്നേക്കര്‍ സ്ഥലത്ത് പച്ചക്കറികളും കിഴങ്ങുവിളകളും വാഴയും കൃഷി ചെയ്തുവരികയാണിന്ന്.
വീട്ടാവശ്യത്തിനുള്ള കൃഷികള്‍ മാത്രമായിരുന്നു ആദ്യകാലങ്ങളില്‍ വിളയിച്ചെടുത്തത്. അവയുടെ വില്‍പനയും നടത്തിയിരുന്നു. പതിനഞ്ച് വര്‍ഷമായി ഇപ്പോഴുള്ള സ്ഥലത്ത് പാട്ടക്കൃഷി ചെയ്തുവരികയാണ്.
കൃഷിസ്ഥലത്തിന്റെ ഒരുവശത്ത് പയര്‍, പാവല്‍, ചീര, മുളക്, തക്കാളി, മത്തന്‍, വെള്ളരി, കുമ്പളം എന്നിവയും മറുവശത്ത് കപ്പ, ഇഞ്ചി, മഞ്ഞള്‍, കാച്ചില്‍, ചേമ്പ്, ചേന, വാഴ മുതലായവയും കൃഷി ചെയ്യുന്നുണ്ട്. ചിങ്ങമാസം മുതല്‍ ഇടവം വരെയാണ് പ്രധാനമായും കൃഷികള്‍ തളിര്‍ത്തുവരികയെന്ന് ബാലചന്ദ്രന്‍ പറയുന്നു. വാഴക്കുല വെട്ടുന്നതിനനുസരിച്ച് പുതിയ കന്നുകള്‍ നടുന്ന രീതിയാണ് പിന്തുടരുന്നത്. ചാണകം, കോഴിവളം, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവയാണ് കൃഷിയിടത്തില്‍ ഉപയോഗിക്കുന്നത്.
കോടഞ്ചേരി കൃഷിഭവന്‍ വെജിറ്റബിള്‍ ഗുഡ് ക്ലസ്റ്റര്‍, ഗ്യാപ് ക്ലസ്റ്റര്‍ എന്നിവയില്‍ അംഗമായ ഇദ്ദേഹത്തിന് കൃഷിഭവനില്‍ നിന്ന് അര്‍ഹമായ അംഗീകാരവും ആനുകൂല്യങ്ങളും നല്‍കി വരുന്നുണ്ട്. ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ വില്‍ക്കുന്നതിന് ക്ലസ്റ്റര്‍ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്.
മണ്ണില്‍ സ്വന്തമായി വിളവെടുത്ത് ഭക്ഷിക്കുന്നതിനാല്‍ ഈ വാര്‍ധക്യത്തിലും അസുഖങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."