വീട്ടമ്മയുടെ മരണം: ലോറിഡ്രൈവര്‍ കസ്റ്റഡിയില്‍
ബദിയഡുക്ക: നെല്ലിക്കട്ടയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വീട്ടമ്മയായ സുഹ്റ (48) മരിച്ചത് ലോറിയിടിച്ചാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
തിങ്കളാഴ്ച രാവിലെ ചെര്‍ലടുക്ക റോഡരികിലാണ് സുഹ്റയെ പരുക്കുകളോടെ വീണു കിടക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടത്. തുടര്‍ന്ന് സഹോദരന് ഇബ്രാഹിമിനെ വിളിപ്പിച്ച് ചെങ്കളയിലെ ഇ.കെ നായനാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനിടെ തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു.വരിയെല്ലിനേറ്റ ക്ഷതമാണു മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സുഹ്റ വീണുകിടന്ന സ്ഥലം വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോഴാണ് ടിപ്പര്‍ ലോറിയുടെ ലൈറ്റിന്റെ ഭാഗം കണ്ടത്. തുടര്‍ന്നു ടിപ്പര്‍ ലോറികളെ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ എടനീരില്‍ നടത്തിയ പരിശോധനക്കിടെയാണു ടിപ്പര്‍ ലോറിയുടെ ലൈറ്റ് ഭാഗത്ത് സ്റ്റിക്കര്‍ പതിച്ച നിലയില്‍ ലോറി ശ്രദ്ധയില്‍പ്പെട്ടത്. ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ അപകടം സംബന്ധിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 5.45 ഓടെ ചെര്ക്കളയില്നിന്നു വിട്ട്ളയിലേക്കു ജെല്ലിപ്പൊടി കയറ്റാന്‍ പോകുന്നതിനിടെയാണ് ലോറി സുഹ്റയെ ഇടിച്ചത്. ലോറിയിടിച്ചാണ് സുഹ്റയുടെ വരിയെല്ലിനു ക്ഷതം സംഭവിച്ചത്. ഇതാണ് മരണ കാരണമെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. മരണം സംബന്ധിച്ച് ദുരുഹത ഉയര്‍ന്നതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം സുഹ്റയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. മരണം ലോറിയിടിച്ചാണെന്നു തിരിച്ചറിഞ്ഞതിനാല്‍ വൈകിട്ടോടെ വിട്ടയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."