ഇന്ന് റമദാന്‍ ഒന്ന്: ഇനി ആത്മവിശുദ്ധിയുടെ നാളുകള്‍
കോഴിക്കോട്: വിശുദ്ധിയുടെ പരിമളം പരത്തി വിശുദ്ധറമദാനിന് ഇന്നു തുടക്കം. ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ വിശ്വാസിസമൂഹം ഒരുങ്ങി. പുണ്യങ്ങളുടെ പൂക്കാലമാണ് വിശ്വാസികള്‍ക്ക് ഇനിയുള്ള 30 നാളുകള്‍. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമത്തേതാണു റമദാന്‍വ്രതം. വിശ്വാസികള്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടിയാണു റമദാന്‍വ്രതം നിര്‍ബന്ധമാക്കിയതെന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ജീവിതത്തില്‍ പാലിക്കേണ്ട സൂക്ഷ്മതയെക്കുറിച്ചാണ് ഓരോ റമദാനും വിശ്വാസിയെ ഓര്‍മപ്പെടുത്തുന്നത്.
റമദാനിനെ വരവേല്‍ക്കാന്‍ പള്ളികളും വീടുകളും നേരത്തെ ഒരുങ്ങിയിരുന്നു. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ രാവിനെ പ്രതീക്ഷിക്കുന്ന റമദാനില്‍ വിശ്വാസികള്‍ ദാനധര്‍മങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും മുഴുകും. മാനവരാശിക്കു മാര്‍ഗദര്‍ശനമായ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമായതിനാല്‍ ഖുര്‍ആന്‍ പാരായണത്തിനും പ്രത്യേകം പുണ്യമുണ്ട്. ശരീരവും മനസും വാക്കും പ്രവൃത്തിയും ഒത്തുചേര്‍ന്നു പരിശുദ്ധി ആര്‍ജിക്കുമ്പോള്‍ മാത്രമേ വ്രതം പൂര്‍ണമാകൂവെന്നാണു വിശ്വാസം.
കാരുണ്യത്തിന്റേയും പാപമോചനത്തിന്റേയും സ്വര്‍ഗപ്രാപ്തിയുടേയും മൂന്നു പത്തുകളിലൂടെയാണ് റമദാന്‍ കടന്നുപോകുന്നത്. ഇതിനിടയില്‍ പാപമുക്തമായ ഒരു ജീവിതം സൃഷ്ടിക്കാനുള്ള ശ്രമമാണ് വിശ്വാസികള്‍ നടത്തുക. സത്പ്രവൃത്തികള്‍ക്ക് പലമടങ്ങ് പ്രതിഫലം ലഭിക്കുന്ന രാവും പകലും വിശ്വാസികള്‍ ആരാധനകള്‍കൊണ്ടു സമ്പന്നമാക്കും. മതപ്രഭാഷണങ്ങളും റമദാനോടെ സജീവമാവും.
നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പള്ളികളിലും പ്രഭാഷണങ്ങളും മതപഠനക്ലാസുകളും നടക്കും. റമദാനില്‍ മാത്രമുള്ള രാത്രിയിലെ ദീര്‍ഘനേരത്തെ തറാവീഹ് നിസ്‌കാരവും ആരാധനയ്ക്ക് മാനസികസുഖം നല്‍കും. ഇസ്‌ലാമിക ചരിത്രത്തിലെ ഇതിഹാസമായ ബദര്‍ അനുസ്മരണം നടക്കുന്നതും ഈ പുണ്യമാസത്തിലാണ്. വിശ്വാസികള്‍ക്ക് പകല്‍ ഉപവാസവും രാത്രി ഉപാസനയുമായ ദിവസങ്ങളാണ് ഇനി മുതല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."