ബെല്‍ഗ്രേഡ് അന്താരാഷ്ട്ര ബോക്സിങ്: എട്ട് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍
ബെല്‍ഗ്രേഡ്: 56ാമത് ബെല്‍ഗ്രേഡ് അന്താരാഷ്ട്ര ബോക്സിങ് പോരാട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം. ഏഷ്യന്‍ വെള്ളി മെഡല്‍ ജേതാവ് സുമിത് സംഗ്വാന് (91 കിലോ), മുന്‍ ജൂനിയര്‍ ലോക ചാംപ്യന്‍ നിഖാത് സരീന് (51 കിലോ) എന്നിവരടക്കം പുരുഷ, വനിതാ വിഭാഗങ്ങളിലായി എട്ട് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലേക്ക് മുന്നേറി ഒരു മെഡല്‍ ഉറപ്പാക്കി. അഞ്ചോളം ഇന്ത്യന്‍ താരങ്ങള്‍ വെങ്കല മെഡലും ഉറപ്പിച്ചു.
ഗ്രീസിന്റെ വഗ്കന് നാനിറ്റ്സനിയനെ കീഴടക്കിയാണ് സുമിത് ഫൈനലിലേക്ക് മുന്നേറിയത്. സെര്‍ബിയന്‍ താരം നിന റഡോവനോവിക്കിനെ പരാജയപ്പെടുത്തിയാണ് നിഖാതിന്റെ മുന്നേറ്റം.
49 കിലോയില്‍ ഹിമാന്‍ഷു ശര്‍മ ഫ്രാന്‍സിന്റെ മുഹമദ് റഡ്ജിയേയും, 52 കിലോയില്‍ ലാല്ഡിന്മവിയ അള്‍ജീരിയയുടെ മുഹമദ് ഫ്ളിസ്സിയേയും കീഴടക്കി ഫൈനലിലെത്തി. 56 കിലോയില്‍ വരിന്ദര്‍ സിങ് അള്‍ജീരിയന്‍ താരം ഖലില്‍ ലിതിമിനേയും 69 കിലോയില്‍ പവന് കുമാര്‍ സെര്‍ബിയന്‍ താരം അലെക്സാണ്ടര്‍ പൊപോവിചിനേയും പരാജയപ്പെടുത്തി.
ജമുന ബോറോ 54 കിലോയില്‍ പോളണ്ട് താരം ലൗറ ഗ്രിസ്ബിനേയും 81 കിലോയ്ക്ക് മുകളില്‍ മത്സരിച്ച റാല്‍റ്റെ ലാല്ഫക്മവി റഷ്യയുടെ അലെക്സാന്ദ്ര ദമിത്രിയേവയേയും കീഴടക്കി ഫൈനലുറപ്പിച്ചു. 91 കിലോയ്ക്ക് മുകളില്‍ മത്സരിച്ച നരെന്ദര്, 48 കിലോയില്‍ രാജേഷ് നര്‍വല്‍, 60 കിലോയില്‍ പ്രിയങ്ക താക്കൂര്‍, 75 കിലോയില്‍ രുമി ഗൊഗോയ്, 81 കിലോയില്‍ നിര്‍മല റാവത് എന്നിവരാണ് ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."