ഒലവക്കോട് റെയില്‍വെ സ്റ്റേഷന്‍ ഇനി സ്മാര്‍ട്ട്
ഒലവക്കോട്: ജില്ലയിലെ മഹാനഗരമായ ഒലവക്കോട് ജങ്ഷനില്‍ നൂറ്റാണ്ടോളം പഴക്കമുള്ള ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനും കാലത്തിനനുസരിച്ച് സ്മാര്‍ട്ടാകുന്നു. സ്റ്റേഷനിലെ പുതിയ പ്ലാറ്റ്‌ഫോമും ഗുഡ്‌സ്ട്രാക്കും നൂതനമായ ഡിജിറ്റല്‍റൂട്ട് ഇന്റര്‍ലോക്കിങ് സംവിധാനവും ഈ മാസം കമ്മീഷന്‍ ചെയ്യുന്നതോടെ സ്‌റ്റേഷന്‍ ഫുള്‍ സ്മാര്‍ട്ടാകും. മഴക്കാലത്തിനു മുമ്പു ജോലികളെല്ലാം പൂര്‍ത്തിയാക്കാനാണു ശ്രമമെന്ന് എഡി.ആര്‍.എം. മോഹന്‍ എ മേനോന്‍ പറഞ്ഞു. മുമ്പു പൊള്ളാച്ചി -പാലക്കാട് റൂട്ടിലോടിയിരുന്ന മീറ്റര്‍ഗേജ് ട്രെയിനുകള്‍ നിര്‍ത്തിയിരുന്നത് ഇപ്പോഴത്തെ ഒന്നാം പ്ലാറ്റ്‌ഫോമിലായിരുന്നു. പൊള്ളാച്ചി ലൈന്‍ ബ്രോഡ്‌ഗേജാക്കി മാറ്റുന്നതിന് അടച്ചതോടെ ഇതിനെ പ്രധാന ലൈനുമായി ബന്ധിപ്പിച്ചു. ഇതോടൊപ്പം നാലാം പ്ലാറ്റ്‌ഫോമും വന്നതോടെ ഇരുവശത്തേക്കും രണ്ടുവീതം പ്ലാറ്റ്‌ഫോമുകള്‍ ലഭിച്ചു. ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകള്‍ ഷൊര്‍ണൂരിലേക്കും മൂന്നും നാലും പ്ലാറ്റ് ഫോമുകള്‍ കോയമ്പത്തൂരിലേക്കും യാത്ര ചെയ്യാന്‍ ഉപയോഗിച്ചു തുടങ്ങി. പൊള്ളാച്ചി-പാലക്കാട് ബ്രോഡ്‌ഗേജ് പണികളുടെ അവസാനഘട്ടം എന്ന നിലക്കാണ് ജങ്ഷനില്‍ പുതിയ പ്ലാറ്റ്‌ഫോം സജ്ജമാക്കുന്നത്. ഇപ്പോഴത്തെ ഒന്നാം പ്ലാറ്റ്‌ഫോമിന് തൊട്ടാണ് ഇത്. 54 കിലോമീറ്റര്‍ ബ്രോഡ്‌ഗേജ് പാളത്തിന്റെ പണി നേരത്തെ പൂര്‍ത്തിയായിരുന്നു. സിഗ്നല്‍ സംവിധാനം കൂടി സ്ഥാപിക്കുന്നതോടെ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം അഞ്ചായി ഉയരും. 600 മീറ്റര്‍ നീളമുള്ള പുതിയ പ്ലാറ്റ്‌ഫോമില്‍ 26 കോച്ചുകളുള്ള റേക്ക് വരെ പാര്‍ക്ക് ചെയ്യാം. നിലവില്‍ ഉപയോഗിക്കുന്ന ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളുടെ നീളം 650ല്‍നിന്ന് 715 മീറ്ററിലേക്ക് വര്‍ധിപ്പിക്കാനുള്ള നടപടിയും പൂര്‍ത്തിയായി. ഇതോടൊപ്പം നടക്കുന്ന ഗുഡ്‌സ് ട്രാക്കിന്റെ (ട്രാക്ക് നമ്പര്‍ 10) നവീകരണം സ്റ്റേഷന്റെ മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ധിപ്പിക്കും. 32 വാഗണുകള്‍ ഒരുമിച്ച് നിര്‍ത്താവുന്ന ഗുഡ്‌സ് ട്രാക്ക് ആണ് നിലവിലുള്ളത്. ഇതു 42 വാഗണ്‍ നിര്‍ത്താവുന്ന രീതിയിലേക്കാണ് ഉയര്‍ത്തുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ സമൂലമാറ്റം സംഭവിക്കുന്നത് റെയില്‍ റൂട്ട് ഇന്റര്‍ലോക്കിങ് (ആര്‍.ആര്‍.ഐ) സിസ്റ്റത്തിനാണ്. ഗതാഗതനിയന്ത്രണത്തിന് ഉപയോഗിക്കുന്ന പരമ്പരാഗത സംവിധാനമാണിത്. വലിയ മേശയുടെ രൂപത്തില്‍ എല്‍.ഇ.ഡി ലൈറ്റുകളും സ്റ്റേഷനിലെ ട്രാക്കുകളുടെ ചിത്രവും ഉള്‍പ്പെടുന്ന സംവിധാനം കാര്യക്ഷമമെങ്കിലും പഴക്കം ചെന്നതാണ്. ഇതില്‍നിന്ന് ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് (ഇ.ഐ) എന്ന സംവിധാനത്തിലേക്കാണ് ജങ്ഷന്‍ സ്‌റ്റേഷന്‍ മാറുന്നത്.
ഒരു മൗസ് ക്ലിക്കില്‍ സ്‌റ്റേഷനുള്ളിലെ ട്രെയിനുകളുടെ ഗതാഗതം നിയന്ത്രിക്കാനും സ്‌റ്റേഷനിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന ട്രെയിനുകള്‍ക്ക് പാത അനുവദിക്കാനും കഴിയും. ഒന്നു തകരാറിലായാല്‍ പകരം ഉപയോഗിക്കാന്‍ രണ്ട് ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനമാണ് സ്ഥാപിക്കുന്നത്. ഡിവിഷനില്‍ ആദ്യമായി ഇതു സ്ഥാപിച്ചത് പാലക്കാട് ടൗണ്‍സ്റ്റേഷനിലാണ്. ജങ്ഷന്‍ സ്റ്റേഷനില്‍കൂടി ഇതു സ്ഥാപിക്കുന്നതോടെ ബ്രിട്ടീഷ് രാജ് കാലഘട്ടം മുതല്‍ ഉപയോഗിച്ചിരുന്ന നീല്‍സ് ബോള്‍ ടോക്കണ്‍ സംവിധാനം ചരിത്രമാകും. ജങ്ഷനിലെ ഈ മാറ്റം ഒട്ടേറെ ട്രെയിന്‍ സര്‍വ്വീസുകള്‍ എളുപ്പമാകും. ട്രാക്കുകളുടെ പണികള്‍കൂടി പൂര്‍ത്തിയാകുന്നതോടെ പൊള്ളാച്ചിയില്‍നിന്നും പുറപ്പെട്ട് പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍ യാത്ര അവസാനിപ്പിച്ചിരുന്ന ട്രെയിനുകള്‍ ഇനി മുതല്‍ ഒലവക്കോട് സ്‌റ്റേഷനിലെത്തുന്നതോടെ യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകും. ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ സ്മാര്‍ട്ടാകുന്നതോടെ വരുമാനത്തിലും വര്‍ദ്ദനയുണ്ടാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."