ജഡ്ജിക്ക് കോഴവാഗ്ദാനം: വിജിലന്‍സ് നിയമോപദേശം തേടും
കൊച്ചി: ജഡ്ജി ജസ്റ്റിസ് കെ.ടി ശങ്കരന് കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ വിജിലന്‍സ് നിയമോപദേശം തേടും. കൈക്കൂലി വാഗ്ദാനം ചെയ്തത് ആരെന്ന് വിജിലന്‍സിനോട് വെളിപ്പെടുത്താന്‍ ജഡ്ജി വിസമ്മതിച്ചതിനാല്‍ തുടര്‍നടപടി സംബന്ധിച്ചാകും നിയമോപദേശം തേടുക.
കോഴ വാഗ്ദാനത്തെക്കുറിച്ച് ജഡ്ജി തുറന്നകോടതിയില്‍ പരാമര്‍ശം നടത്തിയ ദിവസം ഹാജരായിരുന്ന ഗവണ്മെന്റ് പ്ലീഡറില്‍നിന്ന് മൊഴിയെടുത്ത ശേഷം ജസ്റ്റിസ് ശങ്കരന്റെ മൊഴി എടുക്കുന്നതിനുള്ള നടപടി തുടങ്ങും. പ്ലീഡര്‍ രണ്ടു ദിവസമായി അവധിയിലാണ്. ഇന്നലെയും അദ്ദേഹത്തിന്റെ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. മൊഴി ഇന്ന് രേഖപ്പെടുത്തും. അതിന് ശേഷം ജസ്റ്റിസ് ശങ്കരനെ സന്ദര്‍ശിച്ചു മൊഴിയെടുക്കും. വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി കഴിഞ്ഞ ദിവസം ജസ്റ്റിസ് ശങ്കരനുമായി സംസാരിച്ചെങ്കിലും കോഴ വാഗ്ദാനം ചെയ്തത് ആരെന്ന് പറയാന്‍ അദ്ദേഹം തയാറായിരുന്നില്ല. രണ്ടു ദിവസം കഴിഞ്ഞ് സംസാരിക്കാമെന്ന് അദ്ദേഹം വിജിലന്‍സിനെ അറിയിച്ചിരുന്നു.
ജഡ്ജി മൊഴി നല്കാന് തയാറാകുന്നില്ലെങ്കില്‍ കോഴ വാഗ്ദാനം ചെയ്ത ആളെ വിജിലന്‍സിന് സ്വന്തം നിലയില്‍ കണ്ടെത്തി തെളിവുണ്ടാക്കേണ്ടിവരും. അതിന് ജഡ്ജിയുടെ ഫോണിലേക്ക് വന്ന കോളുകള്‍ പരിശോധിക്കണം. ഉന്നത ന്യായാധിപന്റെ ഫോണ്‍ നമ്പര്‍ പരിശോധിക്കുന്നത് പ്രായോഗികമാണോ എന്ന കാര്യത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്. കോഴ വാഗ്ദാനം മാത്രമാണ് എന്നതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമവിദഗ്ധരുടെ മുന്നറിയിപ്പും വിജിലന്‍സ് ഗൗരവത്തോടെ കാണുന്നു. ഈ സാഹചര്യത്തില്‍ പ്രാഥമിക മൊഴിയെടുക്കലിന് ശേഷം വിജിലന്‍സ് ഡയരക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തുടര്‍നടപടി സ്വീകരിക്കാനാണ് വിജിലന്‍സ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."