ഭൂ പരിഷ്കരണ നിയമത്തില്‍ നിന്ന് സി.അച്യുതമേനോനെ വെട്ടി പിണറായി, മുഖ്യമന്ത്രിക്കെതിരേ വാളെടുത്ത് സി.പി.ഐ
തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രി വിട്ടുപോയകാര്യം പൂരിപ്പിച്ചത് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. എന്നാല്‍ അച്യുതമേനോന്റെ പേര് ഒഴിവാക്കിയത് സി.പി.ഐയെ ചൊടിപ്പിച്ചു. ഇതിന്റെ കാരണം അന്വേഷിക്കാന്‍ സി.പി.ഐയിലെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സി.പി.ഐ.
ഇന്നുവരെ കേരളം കൈവരിച്ച എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനം ഭൂപരിഷ്കരണമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
പ്രസംഗത്തില്‍ ഉടനീളം ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതിനെക്കുറിച്ചു വിശദീകരിച്ചു. എന്നാല്‍ 1967-ല്‍ സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മന്ത്രിസഭയാണ് ഭൂ പരിഷ്കരണ ബില്‍ പാസാക്കിയത്.1970-ല്‍ ഭൂപരിഷ്കരണ നിയമം നടപ്പാക്കി. എന്നാല്‍ ഈ ഭാഗത്ത്'അന്നത്തെ മുഖ്യമന്ത്രി'എന്ന് മാത്രമെന്ന് പറഞ്ഞൊഴിഞ്ഞതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ മുഖ്യമന്ത്രിയെയാണ് മുഖ്യമന്ത്രി ഒഴിവാക്കിയതെന്ന് സി.പി.ഐ ആരോപിക്കുന്നു.
ഭൂപരിഷ്കരണത്തില്‍ ഇ.എം.എസിന്റെയും എ.കെ.ജിയുടെയും ഗൗരിയമ്മയുടെയും പങ്ക് പരാമര്‍ശിച്ച മുഖ്യമന്ത്രി സി.അച്യുതമേനോനെ ഒഴിവാക്കിയത് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.
ഭൂപരിഷ്കരണം നടപ്പാക്കിയിട്ട് ഇന്ന് അരനൂറ്റാണ്ട് തികയുകയാണ്. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ അമ്പതാം വാര്‍ഷിക ആഘോഷങ്ങള്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."