ഇന്‍കെല്‍ എജ്യൂസിറ്റിയിലെ 'ഞെളിയംപറമ്പി'നെതിരേ പ്രമേയവുമായി മലപ്പുറം നഗരസഭ
മലപ്പുറം: ഇന്‍കെല്‍ എജ്യൂസിറ്റിയില്‍ കാന്‍സര്‍ ആശുപത്രിക്കായി മാറ്റിവച്ച ഭൂമിയിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് ആരംഭിക്കുന്നതിനെതിരേ നഗരസഭാ പ്രമേയം. കേന്ദ്രീകൃത വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പൂര്‍ണമായും പിന്‍മാറണമെന്നാവശ്യപ്പെട്ടു ഭരണപക്ഷം കൊണ്ടുവന്ന പ്രമേയം പ്രതിപക്ഷ വിയോജിപ്പോടെ പാസാക്കി.
ഖരമാലിന്യ, കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ രഹസ്യ നീക്കം. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നേരത്തേതന്നെ ആരംഭിച്ചിരുന്നു. ജില്ലയിലെ മുഴുവന്‍ ഖര മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും പ്ലാന്റിലെത്തിച്ചു സംസ്‌കരിച്ചു വൈദ്യുതി നിര്‍മിക്കാനാണ് നീക്കം.
ആദ്യം കോഴിക്കോട് ജില്ലയിലെ ഞെളിയംപറമ്പില്‍ പരീക്ഷിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഞെളിയംപറമ്പില്‍ പരീക്ഷിക്കുന്ന പദ്ധതി ഒരു കാരണവശാലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങള്‍ നിലകൊള്ളുന്നതുമായ മേഖലയില്‍ അനുവദിക്കില്ലെന്നു ഭരണകക്ഷി അംഗങ്ങള്‍ ഒറ്റക്കെട്ടായി വാദിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ജില്ലാ കലക്ടര്‍ മുഖാന്തരം നടത്തുന്ന പദ്ധതിയെക്കുറിച്ചു നഗരസഭയ്ക്കു യാതൊരു അറിവുമില്ലെന്നും ഏകപക്ഷീയമായാണ് നടപടിയെന്നും ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല യോഗത്തില്‍ പറഞ്ഞു.
ഇന്‍കെല്‍ എജ്യൂ സിറ്റിയോട് ചേര്‍ന്നു നാലു വാര്‍ഡുകളെ ഇതു കാര്യമായി ബാധിക്കുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. കൗണ്‍സിലര്‍ കെ.കെ ഉമര്‍ അവതരിപ്പിച്ച പ്രമേയം, റിനിഷ റഫീഖ് പിന്താങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."