തുറവൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലെ വഴിവിളക്കുകള്‍ തെളിയുന്നില്ല
തുറവൂര്‍: തീരദേശപാതയില്‍ നിരവധി തീവണ്ടികള്‍ നിര്‍ത്തി പോകുന്ന തുറവൂര്‍ റെയില്‍വേസ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ വിളക്കുകള്‍ കൃത്യമായി തെളിയുന്നില്ലെന്ന് യാത്രക്കാര്‍.
ഇവിടെ വിളക്കുകള്‍ തെളിയാതായിട്ട് ഒരു വര്‍ഷത്തോളമായി. പ്രധാന സ്റ്റേഷനുകളിലൊന്നായ തുറവൂറിലെ വിളക്കുകള്‍ തെളിയാത്തതുമൂലം രാത്രി കാലങ്ങളില്‍ എത്തുന്നവര്‍ക്ക് വളരെയധികം ക്ലേശങ്ങള്‍ സഹിക്കേണ്ടി വരുന്നു. ദീര്‍ഘദൂര തീവണ്ടികള്‍ ഉള്‍പ്പെടെ നിര്‍ത്തുന്ന ഇവിടെ രാത്രിയും പുലര്‍ച്ചെയുമായി നൂറുകണക്കിന് യാത്രക്കാരാണ് എത്തുന്നത്. പ്ലാറ്റ്‌ഫോമുകളില്‍ പുല്ല് പിടിച്ചു കിടക്കുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ പശുക്കളെ ഇവിടെ സമീപവാസികള്‍ കെട്ടിയിടുന്നതും വസ്ത്രങ്ങള്‍ ഉണക്കുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി പരാതിയില്‍ പറയുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരം കാടുകയറി കിടക്കുന്നതിനാല്‍ ഇഴജന്തുക്കളെ പേടിച്ചാണ് യാത്രക്കാര്‍ സ്റ്റേഷനില്‍ എത്തുന്നത്. സ്റ്റേഷന്‍ പരിസരം രാത്രി കാലങ്ങളില്‍ മദ്യ-മയക്ക്മരുന്നു വില്‍പനക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറുകയാണെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."