പശ്ചിമേഷ്യൻ സംഘർഷം: സഊദിയുമായി യു എസ് ആശയ വിനിമയം നടത്തി
റിയാദ്: ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കയുടെ അടുത്ത സുഹൃത്തും മേഖലയിലെ ഏറ്റവും വലിയ ആയുധ രാജ്യവുമായ സഊദി അറേബ്യയുമായി അമേരിക്ക ആശയ വിനിമയം നടത്തി. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായാണ് യു എസ് അധികൃതർ ചർച്ച നടത്തിയത്. ഖാസിം സുലൈമാനിയുടെ വധത്തിനു പിന്നാലെ യു എസ് സ്‌റ്റേറ്റ് സിക്രട്ടറി മൈക്ക് പോംപിയോ, കിരീടാവകാശിയുമായി ടെലഫോണിൽ ബന്ധപ്പെട്ട് അമേരിക്കയുമായി ഉറച്ച പിന്തുണയ്ക്കും ഇറാന്റെ ഖുദ്‌സ് സേനയുടെ ആക്രമണാത്മക ഭീഷണികൾ തിരിച്ചറിഞ്ഞതിനും യു എസ് നന്ദി അറിയിക്കുന്നതായി സംഭാഷണത്തിൽ വ്യക്തമാക്കി. സംഘര്‍ഷം കുറക്കുന്നതിനാവശ്യമായ നടപടികളാണ് ഇരുവരും ഫോണില്‍ ചര്‍ച്ച ചെയ്തതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
ഇറാഖിലെ സംഭവങ്ങളെ സസൂക്ഷ്‌മം നിരീക്ഷിക്കുകയാണെന്നും ആത്മസംയമനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നുവെന്നും സഊദി വ്യക്തമാക്കിയിട്ടുണ്ട്. ഇറാഖിലെ സംഭവങ്ങളെ സഊദി അറേബ്യ നിരീക്ഷിക്കുകയാണ്, സംഘർഷങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും രൂക്ഷമാക്കിയതിന്റെ ഫലമാണ് നടന്നതെന്നും സഊദി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്‌ദിയുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലും കിരീടാവകാശി മേഖലയിലെ വിവരങ്ങൾ ചർച്ച ചെയ്‌തു. മേഖലയിലെ സംഘർഷം കുറക്കുന്നതിന് വേണ്ട നടപടികൾ സഊദി കിരീടാവകാശി ഊന്നി പറഞ്ഞിട്ടുണ്ട്. നേരത്തെ, സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഇറാഖ് പ്രസിഡന്റ് ബർഹാം സ്വാലിഹുമായും മേഖലയിലെ സമാധാന പൂർണ്ണമായ സമാധാന നീക്കത്തെ കുറിച്ച് ചർച്ച നടത്തിയിരുന്നു. സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യു,എസ് പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഓര്‍ട്ടാഗസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, തങ്ങളുടെ ഏതെങ്കിലും കേന്ദ്രങ്ങളെയോ യു എസ് പൗരന്മാരെയോ ലക്ഷ്യമാക്കി ഇറാൻ നീങ്ങിയാൽ ഇറാന്റെ തന്ത്ര പ്രധാന കേന്ദ്രങ്ങളടക്കം 52 കേന്ദ്രങ്ങളിൽ കര കയറാൻ സാധിക്കാത്ത തരത്തിൽ ആക്രമിച്ച് തകർക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊനാൾ ട്രംപ് ഭീഷണി മുഴക്കി. ജനറല്‍ ഖാസിം സുലൈമാനിയെ വക വരുത്തിയതിനു പകരം ചോദിക്കാൻ തുനിഞ്ഞാൽ കാര്യം വളരെ ഗൗരവത്തിലാകും ഇത് വളരെ വ്യക്തമായി പറയുകയാണ് ട്രംപ് ട്വിറ്ററിൽ വ്യക്തമാക്കി. 52 ഇറാൻ കേന്ദ്രങ്ങളെ തങ്ങൾ ലക്ഷ്യമാക്കുന്നു. അത് ഇറാന്റെ തന്ത്രപ്രധാനവും പരമ പ്രധാനവുമായ സ്ഥലങ്ങൾ ഉൾകൊള്ളുന്ന മേഖലകൾ ആയിരിക്കും. ഇത് ഇറാനെ മൊത്തത്തിൽ അതി കഠിനമായി ബാധിക്കുന്നതും വളരെ വേഗത്തിലുമായിരിക്കും. ട്രംപ് വ്യക്തമാക്കി. 1979 ൽ ടെഹ്‌റാനിലെ യുഎസ് എംബസിയിൽ കയ്യടക്കി പിടിച്ചെടുത്ത ശേഷം 52 അമേരിക്കക്കാരെ ഇറാൻ ബന്ദികളാക്കിയിരുന്നു. ഇതാണ് 52 എന്ന കണക്ക് ട്രംപ് ഉയർത്തി ഭീഷണി മുഴക്കി രംഗത്തെത്താൻ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."