കടബാധ്യത: ഇടുക്കിയില്‍ യുവകര്‍ഷകന്‍ ജീവനൊടുക്കി
തൊടുപുഴ: കടബാധ്യതയെ തുടര്‍ന്ന് മുരിക്കാശ്ശേരിയില്‍ യുവകര്‍ഷകന്‍ ജീവനൊടുക്കി. മേരിഗിരിയില്‍ താന്നിക്കാട്ടുകാലയില്‍ സന്തോഷ് (37) ആണ് ഇന്നലെ പുലര്‍ച്ചെ ബന്ധുവിന്റെ വീടിന് സമീപം തൂങ്ങി മരിച്ചത്. വായ്പയെടുത്ത് കൃഷി ചെയ്തിരുന്ന സന്തോഷ് ജപ്തി ഭീഷണി നേരിട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
പുലര്‍ച്ചെ അഞ്ചോടെ കൃഷിക്ക് വെള്ളം നക്കാനാണെന്ന് പറഞ്ഞ് പോയ സന്തോഷിനെ സമീപത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് എട്ടരയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി കൃഷിയിലൂടെ ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്ന സന്തോഷിന്റെ കൃഷികള്‍ പ്രളയത്തില്‍ നശിച്ചിരുന്നു. വിവിധ ബാങ്കുകളിലായി സന്തോഷിന് 10 ലക്ഷത്തോളം കടബാധ്യതയുണ്ടായിരുന്നു. പട്ടയമുള്ള സ്ഥലമില്ലാത്തിനാല്‍ കെ.എസ്.എഫ്.ഇയില്‍നിന്ന് സഹോദരിയുടെ സ്ഥലം ഈട് നല്‍കിയും വായ്പയെടുത്തു. ഇതിന്റെ അടവ് മുടങ്ങിയതിനെ തുടര്‍ന്ന് 15 ദിവസത്തിനകം ജപ്തി ഉണ്ടാകുമെന്ന് കാട്ടി മാനേജര്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ഭാര്യ: ആശ. നാലുവയസുള്ള റോമിനോ ഏക മകനാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."