കാസര്‍കോട് പരക്കേ അക്രമം, വീടുകള്‍ തകര്‍ത്തു, വ്യാപക കല്ലേറ്
കാസര്‍കോട്: ശബരിമലയില്‍ സ്ത്രീപ്രവേശനം നടന്നതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കാസര്‍കോട് ജില്ലയില്‍ പരക്കേ അക്രമം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കടകളൊന്നും തുറന്നില്ല. തുറന്നു പ്രവര്‍ത്തിച്ച കടകള്‍ തന്നെ കുറച്ച് നേരത്തിന് ശേഷം അടച്ചു. കാഞ്ഞങ്ങാടും കാസര്‍കോടും ജില്ലയുടെ വടക്കന്‍ മേഖലകളിലും വ്യാപക അക്രമം നടന്നു. സി.പി.എം പ്രവര്‍ത്തകരുടെ നിരവധി വീടുകള്‍ തകര്‍ക്കപ്പെട്ടു. വ്യാപാര സ്ഥാപനങ്ങള്‍ക്കും കൂട്ടം കൂടി നിന്നവര്‍ക്കും നേരെയും ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞു.
കാഞ്ഞങ്ങാട് ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബദിയഡുക്ക, ബന്തിയോട്, കുമ്പള, ഉപ്പള തുടങ്ങിയ പ്രദേശങ്ങളില്‍ റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ച് ഗതാഗതം തടഞ്ഞു. കന്യാപ്പാടി റോഡില്‍ ഹര്‍ത്താലനുകൂലികള്‍ റോഡില്‍ കൂട്ടിയിട്ട കല്ലില്‍ തട്ടി സ്‌കൂട്ടറില്‍ നിന്ന് വീണ് ദമ്പതികള്‍ക്ക് പരുക്കേറ്റു. ബോവിക്കാനത്ത് വിവാഹ പാര്‍ട്ടി സഞ്ചരിച്ച വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ഹര്‍ത്താലനുകൂലികളും നാട്ടുകാരും തമ്മില്‍ ഏതാനും നേരം ഏറ്റുമുട്ടി. വിവരമറിഞ്ഞെത്തിയ പൊലിസ് സംഘര്‍ഷത്തിലേര്‍പ്പെട്ടവരേ ലാത്തിവീശിയോടിച്ചു.
കറന്തക്കാട് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നിന്നാണ് പലയിടത്തായി കല്ലേറുണ്ടായത്. പ്രകടനം കറന്തക്കാട് നിന്ന് ആരംഭിച്ച് നഗരം ചുറ്റി കറന്തക്കാട് അവസാനിക്കും വരേയും പ്രകോപമുണ്ടാക്കാന്‍ ഹര്‍ത്താലനുകൂലികള്‍ ശ്രമിച്ചുവെങ്കിലും പൊലിസിന്റെ ഇടപെടല്‍ വലിയ അക്രമം ഒഴിവാക്കി. ബീരന്ത്‌വയലില്‍ അനില്‍ കുമാര്‍, ബിന്ദു എന്നീ സി.പി.എം പ്രവര്‍ത്തകരുടെ വീടുകളും പട്ടംചിറയില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്റെ വീടും കേളുഗുഡെയില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. അക്രമസാധ്യത കണക്കിലെടുത്ത് പ്രധാന മേഖലകളില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിലസം രാത്രി നിലേശ്വരത്ത് ബി.ജെ.പി ഓഫീസ് സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."