ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്റെ മരണം,തലയ്ക്കടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പത്തനംതിട്ട: കഴിഞ്ഞ ദിവസം പന്തളത്ത് പ്രതിഷേധപ്രകടനത്തിനിടെ കല്ലേറില്‍ പരുക്കേറ്റ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് തലയ്‌ക്കേറ്റ ഗുരുതര ക്ഷതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നവഴി ശാരീരികസ്ഥിതി മോശമായതിനെത്തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് ഇയാള്‍ മരിച്ചത്. എന്നാല്‍ മരണകാരണം ഹൃദയസ്തംഭനമാണെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.തലയില്‍ നിരവധി ക്ഷതങ്ങളുണ്ടെന്നും ഇതാണു മരണകാരണമെന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ചന്ദ്രന്റെ തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. അമിത രക്തസ്രാവവും മരണകാരണമായി. നേരത്തേ ചന്ദ്രനു ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നതായും കണ്ടെത്തി. സി.പി.എം ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍നിന്നാണ് കല്ലേറുണ്ടായതെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കെട്ടിടത്തിനു മുകളില്‍നിന്ന് അക്രമികള്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്ലേറുണ്ടായപ്പോള്‍ പൊലിസ് ഇടപെടല്‍ ഉണ്ടായില്ലെന്ന് മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബം ആരോപിച്ചു.
സംഭവത്തില്‍ മൂന്നുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."