'ഹൈടെക് സ്‌കൂള്‍' പദ്ധതിയുടെ ഫലപ്രാപ്തി ഓഡിറ്റ് ഇന്ന് മുതല്‍
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എട്ട് മുതല്‍ 12 വരെ ക്ലാസുകളുള്ള സ്‌കൂളുകളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കിയ 'ഹൈടെക് സ്‌കൂള്‍' പദ്ധതിയുടെ ഫലപ്രാപ്തി ഓഡിറ്റ് ഇന്ന് ആരംഭിക്കും.
ഐ.ടി ഓഡിറ്റിന്റെ ആദ്യഭാഗമായി പ്രഥമാധ്യാപകര്‍ സ്‌കൂളുകളെ സംബന്ധിച്ച വിശദാംശങ്ങള്‍ ഓണ്‍ലൈനായി നല്‍കിക്കഴിഞ്ഞു. 68,000 അധ്യാപകരും ജനുവരി ആദ്യവാരം ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിലാണ് ഐ.ടി ഓഡിറ്റ് നടത്തുന്നത്.
സംസ്ഥാനത്തെ ഹൈടെക് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സര്‍ക്കാര്‍-എയിഡഡ് മേഖലകളിലെ മുഴുവന്‍ (4752) സ്‌കൂളുകളിലെയും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ പ്രത്യേകമായാണ് ഐ.ടി ഓഡിറ്റ് നടത്തുന്നത്.
അധ്യാപകര്‍ക്കുള്ള സര്‍വേയില്‍ ഡിജിറ്റല്‍ സംവിധാനങ്ങളുപയോഗിച്ചുള്ള പഠനപ്രവര്‍ത്തനങ്ങളുടെ മോണിറ്ററിങ്, സമഗ്ര വിഭവ പോര്‍ട്ടല്‍, ക്ലാസ്മുറികളില്‍ പ്രയോജനപ്പെടുത്തുന്ന വിധം, ഡിജിറ്റല്‍ റിസോഴ്‌സുകളുടെ ഫലപ്രാപ്തി, തുടര്‍ പരിശീലനങ്ങളുടെ ആവശ്യകത, സ്‌കൂളുകളില്‍ സാങ്കേതികവിദ്യാ സഹായത്തോടെ നടത്തിയ തനത് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി അവസാനത്തോടെ മുഴുവന്‍ സ്‌കൂളുകളിലെയും ഓഡിറ്റ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."