അക്രമം പൊലിസ് ഒത്താശയോടെ: ഡി.സി.സി
കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ പൊലിസ് ഒത്താശയോടെയുള്ള അക്രമങ്ങളാണ് ജില്ലയില്‍ നടന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. അക്രമങ്ങള്‍ നടക്കുമ്പോള്‍ പൊലിസ് എവിടെയായിരുന്നുവെന്നും അക്രമങ്ങള്‍ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി സ്വന്തം പരാജയം എണ്ണിപ്പറയുകയായിരുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംരക്ഷണം ആവശ്യപ്പെട്ട വ്യാപാരികള്ക്കല്ല, മറിച്ച് സംഘ്പരിവാര്‍ ക്രിമിനലുകള്‍ക്കാണു പൊലിസ് സംരക്ഷണം നല്‍കിയത്. മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും സമ്പൂര്‍ണ പരാജയമാണെന്ന തുറന്ന പ്രഖ്യാപനമാണ് വ്യാപാരികള്‍ക്ക് ഡി.വൈ.എഫ്.ഐ സംരക്ഷണം നല്‍കിയതിലൂടെ തെളിഞ്ഞത്. ക്രിമിനല്‍ വാഴ്ചയും സംഘി വാഴ്ചയുമാണ് നാട്ടില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി പൊലിസിന്റെ നിഷ്ക്രിയാവസ്ഥയാണ് സി.പി.എം-ഡി.വൈ.എഫ്.ഐ സംരക്ഷണത്തിലൂടെ വ്യക്തമായിരിക്കുന്നതെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി.
മിഠായിത്തെരുവില്‍ കടകള്‍ ആക്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ വ്യാപാരികള്‍ പിടിച്ചുനല്കിയിട്ടും പൊലിസ് വെറുതെ വിടുകയായിരുന്നു. സംഘ്പരിവാര്‍ നടത്തിയ ക്രൂരമായ അക്രമത്തെ കോണ്‍ഗ്രസ് അപലപിച്ചു.ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എസ്.കെ അബൂബക്കര്‍, ഷെറില്‍ ബാബു, അബ്ദുറഹ്മാന് എടക്കുനി, സമീജ് പാറോപ്പടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."