'മദീന ഇസ്ലാമിക ടൂറിസത്തിന്റെ തലസ്ഥാനം' പരിപാടിക്ക് പ്രൗഡോജ്ജ്വല തുടക്കം
മദീന: 'മദീന ഇസ്ലാമിക ടൂറിസത്തിന്റെ തലസ്ഥാനം' പരിപാടിക്ക് പ്രവാചക നഗരിയില്‍ തുടക്കമായി. ഒരു വര്‍ഷം നീളുന്ന ഉത്സവ ആഘോഷം സഊദി ടൂറിസം കമീഷന്‍ പ്രസിഡന്റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ഉദ്ഘാടനം ചെയ്തു. മദീനയിലെ കിങ് ഫഹദ് സെന്‍ട്രല്‍ ഗാര്‍ഡനിലാണ് ചടങ്ങുകള്‍ നടക്കുന്നത്. വിവിധ അറബ് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നടക്കം ക്ഷണിക്കപ്പെട്ട ആയിരക്കണക്കിന് അതിഥികളാണ് ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നത്.
'മദീന ഇസ്ലാമിക ടൂറിസത്തിന്റെ ആസ്ഥാനം' പരിപാടി വിളംബരത്തിന്റെ ദൃശ്യാവിഷ്‌കാരം അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പ്രാകശനം ചെയതു. ഇസ്‌ലാമിക ചരിത്രത്തിലെ തങ്ക ലിപികളില്‍ ആലേഖനം ചെയ്യപ്പെട്ട മഹത്വമേറിയ നാടാണ് മദീനയെന്നും മസ്ജിദുന്നബവി കൂടാതെ ,മസ്ജിദുല്‍ ഖുബാ ഉള്‍പ്പെടെ നിരവധി പുണ്യ ഗേഹങ്ങളും ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷിയായ പ്രദേശങ്ങളും ഉള്‍ക്കൊള്ള മദീന സന്ദര്‍ശിക്കാന്‍ ലോക മുസ്‌ലിങ്ങളെ അമീര്‍ സുല്‍ത്താന്‍ സ്വാഗതം ചെയ്തു. മദീനയുടെ ചരിത്രം ലോകര്‍ക്ക് മുന്നില്‍ തുറക്കുന്നതിനായി ഇസ്‌ലാമിക് വാര്‍ മ്യൂസിയം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ പുരോഗമിക്കുന്നതായും അമീര്‍ പറഞ്ഞു.
2015 ല്‍ നൈഗര്‍ തലസ്ഥാനമായ നൈമിയില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ കീഴില്‍ നടന്ന സമ്മേളനത്തില്‍ ഉടലെടുത്ത ആശയം കൂടുതല്‍ വിപുലപ്പെടുത്തിയാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു മദീനയെ ഇസ്‌ലാമിക ടൂറിസം തലസ്ഥാനമായി ഒരുക്കുന്നത്. 2015ല്‍ നടന്ന ഒ. ഐ.സി.സിയി അംഗരാജ്യങ്ങളുടെ ടൂറിസം വകുപ്പ് മന്ത്രിമാരുടെ യോഗം മദീനക്ക് ഇസ്‌ലാമിക ടൂറിസം തലസ്ഥാന പദവി നല്‍കിയിരുന്നു.
അതി പുരാതനവും ഇസ്‌ലാമിക ഓര്‍മ്മകള്‍ അയവിറക്കുന്നതുമായ 200 ലധികം ചരിത്രഭൂമികളാണ് മദീനയിലുള്ളതെന്നാണ് കരുതുന്നത്. ഇതില്‍ പലതും അധികൃതരുടെ പിടിപ്പുകേട് മൂലം നാമാവശേഷമായെങ്കിലും ബാക്കിയുള്ളത് സംരക്ഷിച്ചു നിര്‍ത്താന്‍ ഇപ്പോള്‍ ശ്രമം നടക്കുന്നുണ്ട്. തീര്‍ഥാടന ടൂറിസത്തിന്റെ അനന്ത സാധ്യതയാണ് മദീനയിലുള്ളതെന്ന് ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അല്‍ ഉഥൈമീന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രവാചകനഗരിയിലെ പുരാതന പള്ളികളുടെയും കെട്ടിടങ്ങളുടെയും നവീകരണം, സംരക്ഷണം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. ചരിത്ര ശേഷിപ്പുകളുടെ സംരക്ഷണം, പരിപാലനം, സാംസ്‌കാരിക വിനിമയം എന്നിവ ലക്ഷ്യമിടുന്നതാണ് പദ്ധതി. സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷനല്‍ ഹെറിറ്റേജിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൂടാതെ മദീനയിലെ ഉര്‍വ ഇബിന്‍ സുബൈര്‍ പാലസ്, ഖുബ സമുച്ചയം, നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ഹിജാസ് റെയില്‍വേ മ്യൂസിയം തുടങ്ങിയവയും പ്രവാചക നഗരിയിലെ എണ്ണപ്പെട്ട പൈതൃകങ്ങളില്‍ പെടുന്നവയാണ്. പ്രവാചക നാട്ടില്‍ നിന്ന് തന്നെ ഇസ്‌ലാമിന്റെ ചരിത്ര ശേഷിപ്പുകള്‍ പറഞ്ഞു കൊടുക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സുപ്രീം കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. മദീനയിലെ 40 ഇടങ്ങളില്‍ സംസ്‌കൃതിയും വിനോദസഞ്ചാരവും സമന്വയിപ്പിചുള്ള 300 ഓളം പരിപാടികളാണ് 2017ല്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."