ലോകത്തെ ഏറ്റവും വലിയ ബാങ്കായ ചൈനയിലെ ഇൻഡസ്ട്രിയൽ ആന്റ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന ജിദ്ദയിൽ ശാഖ തുറക്കുന്നു
ജിദ്ദ:ലോകത്തെ ഏറ്റവും വലിയ ബാങ്ക് ആയ ചൈനയിലെ ഇൻഡസ്ട്രിയൽ ആന്റ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന (ഐ.സി.ബി.സി) ജിദ്ദയിൽ ശാഖ തുറക്കുമെന്ന് സഊദിയിലെ ചൈനീസ് അംബാസഡർ ചെൻ വീക്വിംഗ് അറിയിച്ചു. സഊദി-ചൈന നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ മുപ്പതാം വാർഷികത്തോടും അനുബന്ധിച്ച് റിയാദിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അംബാസഡർ.
സഊദിയിൽ ഐ.സി.ബി.സി തുറക്കുന്ന രണ്ടാമത്തെ ശാഖയാണ് ജിദ്ദയിലേത്. ഐ. സി.ബി.സിയുടെ ആദ്യ ശാഖ 2015 ൽ റിയാദിൽ പ്രവർത്തനം തുടങ്ങിയിരുന്നു.
സഊദി അറേബ്യയും ചൈനയും തമ്മിലുള്ള സഹകരണം കഴിഞ്ഞ വർഷം ശ്രദ്ധേയമായ നിലയിൽ വർധിച്ചു. 2019 ജനുവരി മുതൽ ഒക്‌ടോബർ വരെയുള്ള പത്തു മാസക്കാലത്ത് ഉഭയകക്ഷി വ്യാപാരം 6340 കോടി ഡോളറിലെത്തി. 2018 നെ അപേക്ഷിച്ച് 27.4 ശതമാനം വളർച്ചയാണ് കഴിഞ്ഞ കൊല്ലം ഉഭയകക്ഷി വ്യാപാരത്തിലുണ്ടായത്. ഇക്കാലയളവിൽ സഊദിയിൽ നിന്നുള്ള ചൈനയുടെ ഇറക്കുമതി 4460 കോടി ഡോളറായി ഉയർന്നു. ചൈനയിലേക്കുള്ള സഊദി കയറ്റുമതിയിൽ 24.1 ശതമാനം വളർച്ചയുണ്ടായി. കഴിഞ്ഞ കൊല്ലം പത്തു മാസത്തിനിടെ 6.8 കോടി ടൺ ക്രൂഡ് ഓയിൽ സഊദിയിൽ നിന്ന് ചൈന ഇറക്കുമതി ചെയ്തു. ചൈനയുടെ ആകെ വിദേശ ഇറക്കുമതിയുടെ 16.4 ശതമാനം സഊദി എണ്ണയാണ്.
പത്തു മാസത്തിനിടെ 1920 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ സഊദിയിലേക്ക് ചൈന കയറ്റി അയച്ചു. സൗദിയിലേക്കുള്ള ചൈനീസ് കയറ്റുമതിയിൽ 35.8 ശതമാനം വളർച്ച രേഖപ്പെടുത്തി.
സഊദി-ചൈനീസ് കമ്പനികൾ തമ്മിൽ ഒപ്പുവെച്ച പുതിയ കരാറുകളുടെ മൂല്യം 890 കോടി ഡോളറായി ഉയർന്നു. ഈ രംഗത്ത് 160 ശതമാനം വളർച്ചയുണ്ടായി. സഊദി നിക്ഷേപത്തോടെയുള്ള ചൈനയിലെ പദ്ധതികളുടെ എണ്ണം 35 ആയി ഉയർന്നു. ചൈനയിലെ സഊദി പദ്ധതികളുടെ എണ്ണത്തിൽ 25 ശതമാനം വളർച്ചയുണ്ടായി.
കഴിഞ്ഞ ഫെബ്രുവരിയിൽ സഭദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ വിജയകരമായ ചൈനീസ് സന്ദർശനത്തിന്റെ ഫലമായി ഉഭയകക്ഷി ബന്ധത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. സഊദിയിലെ സ്‌കൂൾ പാഠ്യപദ്ധതിയിൽ ചൈനീസ് ഭാഷ ഉൾപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ തീരുമാനവും കഴിഞ്ഞ വർഷമാണുണ്ടായത്. കഴിഞ്ഞ വർഷം ചൈന 6.2 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചു. തുടർച്ചയായി പതിനേഴാം പാദത്തിലും ആറു മുതൽ ഏഴു ശതമാനം വരെ സാമ്പത്തിക വളർച്ച നിലനിർത്തുന്നതിന് ചൈനക്ക് സാധിച്ചു. ചൈനയിൽ സാങ്കേതിക വ്യവസായ മേഖലാ നിക്ഷേപം 14.2 ശതമാനം തോതിൽ കഴിഞ്ഞ വർഷം വർധിച്ചു. വ്യാപാര യുദ്ധത്തിൽ ആർക്കും വിജയമുണ്ടാകില്ല. ചൈനയും അമേരിക്കയും സഹകരിക്കുന്ന പക്ഷം ഇരു രാജ്യങ്ങൾക്കും നേട്ടമുണ്ടാകും. അല്ലാത്ത പക്ഷം നഷ്ടമാകും ഫലമെന്നും റിയാദിലെ ചൈനീസ് അംബാസഡർ പറഞ്ഞു.
സഊദിയിൽ ശാഖ തുറക്കുന്നതിന് ബാങ്ക് ഓഫ് ചൈനക്ക് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയിട്ടുണ്ട്. സഭദിയിൽ പ്രവർത്തനം ആരംഭിക്കുന്ന രണ്ടാമത്തെ ചൈനീസ് ബാങ്ക് ആണ് ബാങ്ക് ഓഫ് ചൈന. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ബാങ്ക് ആയ ബാങ്ക് ഓഫ് ചൈന സഊദിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിദേശ ബാങ്ക് ആണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബാങ്ക് ഓഫ് ചൈനയുടെ ആകെ ആസ്തി 3.05 ട്രില്യൺ ഡോളറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."