വടക്കാഞ്ചേരിയില്‍ സി.പി.എം ഓഫിസിന് നേരെ കല്ലേറ്: പൊലിസ് ലാത്തിവീശി
വടക്കാഞ്ചേരി /ചെറുതുരുത്തി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതി ബി.ജെ.പിയുടെ പിന്തുണയോടെ നടത്തിയ സംസ്ഥാന ഹര്‍ത്താലില്‍ പരക്കെ അക്രമം. കഴിഞ്ഞ ദിവസം നടന്ന അക്രമ പരമ്പരകളുടെ തുടര്‍ച്ചയായി ഇന്നലെയും വടക്കാഞ്ചേരി സംഘര്‍ഷ ഭരിതമായി. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടയില്‍ സി.പി.എം വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി ഓഫിസിനു നേരെ കല്ലേറു നടന്നു.
ഓഫിസിന് മുന്നിലെ കുന്നില്‍ നിന്നും പഴയ റെയില്‍വേ ഗെയ്റ്റ് റോഡില്‍ നിന്നുമാണ് ആക്രമണം നടന്നത്. ഇതിനെത്തുടര്‍ന്ന് ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പാര്‍ട്ടി ഓഫിസില്‍ ഉണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ തിരിച്ചും കല്ലേറ് നടത്തി. നാമമാത്രമായ പൊലിസ് ഓഫിസര്‍മാര്‍ മാത്രമാണ് ഏരിയാ കമ്മിറ്റി ഓഫിസ് പരിസരത്ത് സുരക്ഷയ്ക്ക് ഉണ്ടായിരുന്നത്. ഇവര്‍ക്ക് ആക്രമണത്തിനെതിരേ ഒന്നും ചെയ്യാനായില്ല. എങ്കിലും ലാത്തിവീശിയാണ് അക്രമികളെ പിരിച്ച് വിട്ടത്.
പട്ടണത്തില്‍ പ്രകടനം നടത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ ഇടത് അനുകൂല കൊടിതോരണങ്ങളും, ഫ്‌ളക്‌സ് ബോര്‍ഡുകളും പിഴുതെടുത്ത് വാഴാനി പുഴയില്‍ എറിഞ്ഞു. ചെറുതുരുത്തി മേഖലയിലും വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാലത്ത് മുതല്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചെറുതുരുത്തി സെന്ററില്‍ തമ്പടിച്ചത് ആശങ്ക പരത്തി. ബി.ജെ.പി പ്രകടനം ആരംഭിച്ചിട്ടും പിരിഞ്ഞ് പോകാതിരുന്ന ഇടത് പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ സംഘടിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ സി.പി.എമ്മിനെതിരേ മുദ്രാവാക്യം മുഴക്കി പാര്‍ട്ടി ഓഫിസിലേക്ക് തള്ളി കയറാന്‍ ശ്രമിക്കുകയും ചെയ്തു.
പൊലിസ് വലയം തീര്‍ത്താണ് പ്രവര്‍ത്തകരെ നിയന്ത്രിച്ചത്. എങ്കക്കാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീട് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ച് തകര്‍ത്തു. വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് കേടുപാടുകള്‍ വരുത്തി. എങ്കക്കാട് രാമ സ്മാരക എല്‍. പി സ്‌കൂളിന് മുന്നില്‍ താമസിയ്ക്കുന്ന മുത്തലങ്ങാട് ശ്രീകുമാറിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."